ചൈനക്ക് പകരച്ചുങ്കത്തിന് 50 ശതമാനം അധിക നികുതികൂടി പ്രഖ്യാപിച്ച് ട്രംപ്

HIGHLIGHTS : Trump announces 50 percent additional tariffs on China

malabarinews

വാഷിങ്ടണ്‍: അമേരിക്ക- ചൈന വ്യാപാര യുദ്ധം മുറുകുന്നു. ആഗോള വിപണി തകര്‍ന്നടിയുമ്പോഴും താരിഫ് യുദ്ധത്തിലുറച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈന പ്രഖ്യാപിച്ച പകരച്ചുങ്കം പിന്‍വലിച്ചില്ലെങ്കില്‍ തീരുവ 50 ശതമാനം കൂടി കൂട്ടുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഭീഷണി നടപ്പായാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വരുന്നത് 104 ശതമാനം തീരുവയാകും. രണ്ട് ദിവസം മുമ്പാണ് യു.എസ്. ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി ചൈന പ്രഖ്യാപിച്ചത്.

sameeksha

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി യു.എസ്. പ്രഖ്യാപിച്ചതിന് പകരമായാണ് ചൈന യു.എസിനെതിരെ പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇത് പ്രഖ്യാപിച്ച് 48 മണിക്കൂറിനകമാണ് ട്രംപിന്റെ തിരിച്ചടി. തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് വഴിയാണ് ട്രംപ് ചൈനയ്ക്കെതിരായ നികുതി പ്രഖ്യാപിച്ചത്. യു.എസിനെതിരെ ചുമത്തിയ 34 ശതമാനം നികുതി ചൈന പിന്‍വലിച്ചില്ലെങ്കില്‍ അടുത്ത ദിവസം വീണ്ടും അധികമായി 50 ശതമാനം നികുതികൂടി ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.

എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം അടിസ്ഥാന നികുതി ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപര യുദ്ധം ശക്തമായത്. യു.എസിനെതിരെ പകരച്ചുങ്കം ചുമത്താത്ത രാജ്യങ്ങളുമായി മാത്രമേ ഇനി വ്യാപാര ചര്‍ച്ചകള്‍ നടത്തൂവെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്. അതേസമയം പകരച്ചുങ്കമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞപ്പോള്‍ തന്നെ നേരിടാന്‍ തയ്യാറാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാപാര യുദ്ധം ആര്‍ക്കും നേട്ടം നല്‍കില്ലെന്നും നികുതി ചുമത്തിയാല്‍ യു.എസിനെതിരെ പകരച്ചുങ്കമുണ്ടാകുമെന്നും ചൈനയും വ്യക്തമാക്കിയിരുന്നു.

അതേസമയം യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്തിയതിനെത്തുടര്‍ന്ന് യുഎസ് ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് യുഎസ് വിപണികളിലുണ്ടായത്. ആപ്പിള്‍, എന്‍വിഡിയ തുടങ്ങിയ പ്രധാന യുഎസ് ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. ആപ്പിളിന്റെ ഓഹരികള്‍ 9% ല്‍ കൂടുതല്‍ നഷ്ടം നേരിട്ടു. ടെക്, റീട്ടെയില്‍ ഓഹരികളെയാണ് ഇടിവ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ആഗോള എണ്ണവിലയിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് വില ആറര ശതമാനം താഴ്ന്ന് ബാരലിന് 65 ഡോളറിലെത്തി. സ്വര്‍ണ വിലയിലും വലിയ ഇടിവ് രേഖപ്പെടുത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!