തൃക്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം നാളെ നാടിന് സമര്‍പ്പിക്കും

തിരൂരങ്ങാടി: ചെമ്മാട് തൃക്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ പുതുതായി നിര്‍മ്മിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്തംബര്‍ 14 ന് വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

1909 ല്‍ മലബാര്‍ എലമെന്ററി ബോര്‍ഡിന് കീഴില്‍ എല്‍പി സ്‌കൂള്‍ ആയി തുടങ്ങിയ സ്‌കൂള്‍ 2013 ലാണ് ഗവണ്‍മെന്റ് ഹൈസ്‌കൂളായി ഉയര്‍ത്തിയത്. നേരത്തെ ഉണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ച് മാറ്റിയാണ് 12 ക്ലാസ് റൂമുകള്‍ അടക്കുന്ന ബഹുനില കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് 3 കോടി 25 ലക്ഷം ചെലവഴിച്ചാണ് കെട്ടിട നിര്‍മ്മാണം നടത്തിയിട്ടുള്ളത്. പുതിയ കെട്ടിട ഉദ്ഘാടനം കൂടി പൂര്‍ത്തിയാകുന്നതോടെ നിലവിലെ കുട്ടികളുടെ എണ്ണത്തിന് ആനുപാതമായി ക്ലാസ് റൂം ലഭിക്കും.
നിലവില്‍ പ്രി പ്രൈമറി തലം അടക്കം രണ്ടായിരത്തി പന്ത്രണ്ട് വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ പഠിച്ച് കൊണ്ടിരിക്കുന്നത്.

ഓണ്‍ലൈനായും ഓഫ്ലൈനായും നടക്കുന്ന ഉദ്ഘാടന സെഷനില്‍ ഓണ്‍ലൈന്‍ വഴി നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി അധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ചീഫ് സെക്രട്ടറി വി.പി ജോയ് സ്വാഗതവും പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് നന്ദിയും പറയും.

സ്‌കൂള്‍ തല ഉദ്ഘാടന പരിപാടിയില്‍ തിരൂരങ്ങാടി നിയോജക മണ്ഡലം എം.എല്‍.എ കെ.പി.എ മജീദ് ശിലാഫലകം അനാഛാദനം ചെയ്യും.
തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, മുന്‍ എം.എല്‍.എ പി.കെ അബ്ദുറബ്ബ് എന്നിവര്‍ മുഖ്യാതിഥികളാകും

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതം ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ബീനാ റാണി .വി , പി.ടി.എ പ്രസിഡന്റ് എം.എന്‍ മൊയ്തീന്‍, എസ്.എം.സി ചെയര്‍മാന്‍ മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍, പി.ടി.എ. വൈസ് പ്രസിഡന്റ് ഹംസ. പി.ടി, മനോജ് കുമാര്‍, ഫൈസല്‍ മാസ്റ്റര്‍, എന്നിവര്‍ പങ്കെടുത്തു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •