Section

malabari-logo-mobile

പാടാനുള്ള അവസാനത്തെ ശ്രമത്തിനിടെ ശ്വാസം കിട്ടാതെ എസ്.പി.ബി മതിയാക്കുന്നു

HIGHLIGHTS : tribute to great singer sp balasubrahmanyan

ശരിക്കും പാട്ട് നിലച്ചു……എഴുത്ത്‌ : ലീജീഷ്‌ കുമാര്‍ 
……………………………………………………………
ഒരുപാടൊക്കെയുള്ള ഈ ലോകത്ത് വിരളമായി ഉള്ളത് ജീനിയസ്സുകളാണെന്ന്, ക്യൂബൻ നോവലിസ്റ്റ് ആലേഹോ കാർപൻ്റിയറുടെ ‘ദി ലോസ്റ്റ് സ്റ്റെപ്സ്’ എന്ന നോവലിനെഴുതിയ അവതാരികയിൽ ജെ.ബി.പ്രീസ്റ്റ്‌ലി പറയുന്നുണ്ട്. ജീനിയസ്സ്, മാസ്റ്റർപീസ് എന്നൊക്കെ സൂക്ഷിച്ചു പ്രയോഗിക്കണം എന്ന്.

സൂക്ഷിച്ചു പ്രയോഗിക്കട്ടെ, അങ്ങനെയൊരാളാണ് കടന്നു പോയത്. അയാൾ ജീനിയസ്സായിരുന്നു. അയാൾ തന്നു പോയതിലേറെയും മാസ്റ്റർപീസുകളുമായിരുന്നു. ”എസ്.പി.ബീ, നിങ്ങളൊരു വലിയ മനുഷ്യനാണ്,” എന്ന് പറഞ്ഞവരോടൊക്കെ – ”എല്ലാവരും അങ്ങനെ പറയും, പക്ഷേ ഞാനെൻ്റെ തടി കുറയ്ക്കില്ല. തലയുടെ ഭാരമാണ് ഞാനെപ്പോഴും കുറയ്ക്കാൻ നോക്കാറുള്ളത്,” എന്ന് കണ്ണിറുക്കിച്ചിരിച്ചുകൊണ്ട് അദ്ദേഹം പറയുമായിരുന്നു. ഭീമാകാരൻ !! എന്ന് വിശേഷിപ്പിച്ചത് ഉടലു കണ്ടിട്ടല്ല എന്ന് എസ്.പി.ബിക്കറിയാം, പക്ഷേ തലക്കനം കുറഞ്ഞ് കുറഞ്ഞ് നേർത്ത് പോയതു കൊണ്ട് അദ്ദേഹത്തിന് അങ്ങനെയേ പറയാനൊക്കൂ.

sameeksha-malabarinews

വലിയ മനുഷ്യനായിരുന്നു എസ്.പി.ബി. അങ്ങനേ പാടിയ മറ്റാരുണ്ട്. പാട്ടായിരുന്നു അയാളുടെ ആനന്ദവും വിലാസവും. നിനൈത്താലേ ഇനിക്കും എന്ന പടത്തിൽ, ‘എങ്കേയും എപ്പോതും സന്തോഷം സംഗീതം’ എന്ന് തുടങ്ങുന്ന ഒരു പാട്ടുണ്ട്. ആ ഒറ്റ വരി എസ്.പി.ബിയുടെ ജീവിതമാണ്. എവിടെയും എപ്പോഴും സംഗീതം കൊണ്ടു നടന്നയാൾ. പൊള്ളുന്ന പനിക്കിടക്കയിൽ കിടന്നും പാടാൻ ചുണ്ടു നനച്ചയാൾ !!

ഇതുപോലൊരു പനിക്കിടക്കയിൽ നിന്നാണ് അയാൾ ജനിക്കുന്നത്. കൊല്ലങ്ങൾക്ക് മുമ്പാണ്, ‘അടിമപ്പെൺ’ എന്ന എം.ജി.ആർപ്പടം നടക്കുന്ന സമയം. അന്ന് എസ്.പി.ബാലസുബ്രഹ്മണ്യം എന്ന പേര് ഒരു തെലുങ്ക് ഗായകൻ്റേതായിരുന്നു. ഇന്ത്യയുടെ പോയിട്ട്, സൗത്ത് ഇന്ത്യയുടെ പോലും പാട്ടുകാരനല്ലാത്ത – തികച്ചും പ്രാദേശികനായ ഒരു ബാലസുബ്രഹ്മണ്യത്തിൻ്റേത്. കെ.വി.മഹാദേവനായിരുന്നു അടിമപ്പെണ്ണിൻ്റെ സംഗീത സംവിധായകൻ. ബാലസുബ്രഹ്മണ്യം വന്നു, പാടി നോക്കി. തമിഴ് വഴങ്ങുന്നുണ്ട്. റെക്കോഡിംഗിന് തയ്യാറാവാൻ മഹാദേവൻ പറഞ്ഞു. തമിഴിലേക്കുള്ള വലിയ കാൽവെപ്പാണ്. പേടിച്ചാവണം, പനിച്ചു പോയി. റെക്കോഡു ചെയ്യേണ്ട ദിവസം ആശുപത്രിയിലായിരുന്നു. ഒന്നോ രണ്ടോ ദിവസമല്ല ആ പനി നീണ്ടത്. ഇതുപോലെ മാസങ്ങൾ കിടന്നു പോയി. സുവർണാവസരം അങ്ങനെ പൊയ്പ്പോയ സങ്കടത്തിലാണ് സ്റ്റുഡിയോവിലേക്ക് വിളിക്കുന്നത്, ആരാണ് തനിക്ക് പകരം ആ പാട്ടുപാടിയതെന്നറിയാൻ. ഒരു യുവഗായകനു വേണ്ടി, അയാൾ സുഖപ്പെട്ട് വരും വരെ കാത്തിരിക്കാൻ ആ പടത്തിന്റെ ക്രൂ തീരുമാനിച്ചതറിഞ്ഞ് അയാൾ ഞെട്ടിപ്പോയി. രണ്ടുമാസത്തേക്കാണ് അവരാ റെക്കോഡിംഗ് നീട്ടിവെച്ചത്.

ആയിരം പകരക്കാരുണ്ടായിരുന്നു അന്നവർക്ക്. പക്ഷേ, അവർ കാത്തിരുന്നു. അയാൾ തിരിച്ചു വരുമെന്ന് അവർക്കുറപ്പുണ്ടായിരുന്നു. അതുപോലൊരു പനിക്കിടക്കയിൽ നിന്നാണ് എസ്.പി.ബി മടങ്ങുന്നത്. എല്ലാവരും കാത്തിരുന്നു, തിരിച്ചു വരുമെന്ന് ഉറപ്പായിരുന്നു. ഒരു പകരക്കാരനും പുറത്തില്ലാത്ത നേരത്ത് അയാൾ നിരാശനാക്കി മടങ്ങുന്നു.

‘ശ്രീ ശ്രീ മരയത രാമണ്ണ‘ എന്ന തെലുങ്ക് പടത്തിന് വേണ്ടി കോദണ്ഡപാണി ചിട്ടപ്പെടുത്തിയ പാട്ട് പാടിക്കൊണ്ടാണ് എസ്.പി.ബി സിനിമയിൽ അരങ്ങേറുന്നത്, 1966 ലാണത്. അരപ്പതിറ്റാണ്ടിനിപ്പുറം അര ലക്ഷത്തോളം പാട്ടു പാടിത്തന്നാണ് അദ്ദേഹം മടങ്ങുന്നത്. ശരാശരി നോക്കിയാൽ എത്ര പാട്ടു പാടിയിട്ടുണ്ടാവും ഒരോ ദിവസവും !! കോദണ്ഡപാണിയിൽ നിന്ന്
കോവിഡിലേക്കുള്ള ദൂരം മുഴുവൻ അയാൾ പാടിക്കൊണ്ടേയിരിക്കുകയായിരുന്നു. ഇന്ന് നിന്നത് ആ പാട്ടാണ്. പാടാനുള്ള ശ്രമത്തിനിടെയാവും ശ്വാസം കിട്ടാതെ പോയത്. അതുകൊണ്ട് തന്നെ, ഒരു പാട്ടുകാരൻ മരിച്ചു പോകുമ്പോൾ ക്ലീഷേയായി എഴുതിപ്പോരുന്ന പ്രയോഗത്തെ ആവർത്തിച്ച് അവസാനിപ്പിക്കുകയാണ്. പാട്ട് നിലച്ചു !! ഇന്നാണ് ആ പ്രയോഗം, അതിൻ്റെ പൂർണമായ അർത്ഥം കണ്ടെത്തുന്നത്.

എസ്.പി.ബാലസുബ്രഹ്മണ്യത്തിന് വിട.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!