റെയില്‍വെ ട്രാക്ക് മുറിച്ചുകടക്കവെ കോളജ് ബസില്‍ ട്രെയിന്‍ ഇടിച്ചു; 25 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ചെന്നൈ : തമിഴ്നാട്ടിലെ കരൂരിന് സമീപം റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കവെ കോളജ് ബസില്‍ ട്രെയിന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 25 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച വൈകുന്നേരം വെള്ളിയാനൈക്ക് സമീപമായിരുന്നു അപകടം.50 ഓളം വിദ്യാര്‍ഥികള്‍ ബസിലുണ്ടായിരുന്നു.

ട്രാക്കിലേക്ക് കയറിയ ബസിലേക്ക് സിമന്റ് പ്ലാന്റിലേക്കുള്ള സാധനങ്ങളുമായി വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റ വിദ്യാര്‍ഥികളെ കരൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം ഒരു വിദ്യാര്‍ഥിയുടെ നില അതീവഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍ ബസിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. സംഭവമറിഞ്ഞ ഉടന്‍ തന്നെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സിമന്റ് പ്ലാന്റിലേക്കുള്ള ചരക്ക് നീക്കത്തിനായി ഉപയോഗിക്കുന്ന സ്വകാര്യ റെയില്‍വേ ലൈനിലാണ് അപകടം നടന്നത്.

Share news
error: Content is protected !!
Scroll to Top