ട്രെയിനിന് നേരെ കല്ലെറിഞ്ഞ യുവാക്കള്‍ റിമാന്‍ഡില്‍

train21 copyപാലക്കാട്: ട്രെയിനിന് നേരെ കല്ലെറിഞ്ഞ യുവാക്കളെ റിമാന്‍ഡ് ചെയ്തു. എലപ്പുള്ളി നെയ്താരകോട്ടില്‍ സി രഞ്ജിത്ത് (20), ഒലവക്കോട് പൂക്കാരംതോട്ടം വി സനൂപ് (22), പുതുപരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എരിയാണി ഹൗസില്‍ എസ് സവാദ് (22), കാവില്‍പ്പാട് കാവുങ്ങല്‍ വീട്ടില്‍ കെ അജിത്ത്(21) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് റെയില്‍വേ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി 8.40 നാണ് സംഭവം നടന്നത്. ആലപ്പുഴ ചെന്നൈ എക്‌സ്പ്രസിന് നേരെ ഒലവക്കോട് റെയില്‍വേസ്റ്റേഷന് തൊട്ടടുത്തുള്ള താണാവ് മേല്‍പ്പാലത്തിന് തൊട്ടടുത്ത് വെച്ചാണ് യുവാക്കള്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞത്. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ പാലക്കാട് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അനേ്വഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

അവധി ദിവസം ആഘോഷിക്കാന്‍ ഒത്തു കൂടിയ യുവാക്കള്‍ മദ്യ ലഹരിയിലായിരുന്നു. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ആര്‍ പി എഫ് ഇന്‍സ്‌പെക്ടര്‍ ജി വിജയകുമാര്‍, എ എസ് ഐ മാരായ എം കെ ഉണ്ണികൃഷ്ണന്‍, പ്രേംകുമാര്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ സജി അഗസ്റ്റിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top