Section

malabari-logo-mobile

പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിനു സജ്ജരാക്കും: മന്ത്രി വി. അബ്ദുറഹിമാന്‍

HIGHLIGHTS : Traditional fishermen will be trained for deep sea fishing: Minister V. Abdurrahiman

ഉള്‍ക്കടലിലെ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കണമെന്നും ആഴക്കടല്‍ മത്സ്യബന്ധനം കുത്തകകള്‍ക്കു തീറെഴുതാതെ, സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെത്തന്നെ ഇതിനു സജ്ജരാക്കുമെന്നും ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാന്‍. ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യോത്സവം-2022 മെഗാ മേള തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മത്സ്യബന്ധന മേഖലയില്‍ പല സംസ്ഥാനങ്ങളും പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരും നല്ല രീതിയില്‍ ഇതു പ്രോത്സാഹിപ്പിക്കുന്നുണ്ട്. കേരളത്തിനും ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു പോകേണ്ടതുണ്ട്. എന്നാല്‍, മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടാകണം ഇത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തി കൂടുതല്‍ മത്സ്യസമ്പത്ത് ഉല്‍പ്പാദിപ്പിക്കുന്നതോടുകൂടി മത്സ്യസമ്പത്ത് ശക്തിപ്പെടും. കേരളത്തിനുവേണ്ട മത്സ്യത്തിന്റെ നല്ല പങ്കും ഇപ്പോള്‍ പുറത്തുനിന്നാണു വരുന്നത്. ഇതിനു മാറ്റമുണ്ടാകണം. മത്സ്യബന്ധനം ഏറ്റവും ആദായകരമായ മേഖലയാക്കി മാറ്റാനുള്ള നടപടികളാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മത്സ്യബന്ധന തുറമുഖങ്ങളുടെയും യാനങ്ങളുടേയും പരിഷ്‌കാരവുമായി ബന്ധപ്പെട്ട നടപടികളില്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ വിവിധ ഭീഷണികള്‍ നേരിടുന്ന തീരദേശത്തെ മത്സ്യത്തൊഴിലാളികളെ കൂടുതല്‍ സജീവമാക്കാനും മേഖലയില്‍ പിടിച്ചുനിര്‍ത്താനുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലുകളുടെ ഉദാഹരണമാണു മത്സ്യോത്സവം 2022 മേളയെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഓഖി സമയത്തു രാജ്യത്തുതന്നെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പദ്ധതിക്കു 10 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ഏറ്റെടുത്തിട്ടുണ്ട്. ഈ ഭവന പുനരധിവാസ പദ്ധതി മത്സ്യത്തൊഴിലാളികള്‍ സ്വീകരിച്ചുകഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 1.30 കോടി രൂപ ഫിഷറീസ് മന്ത്രി ചടങ്ങില്‍ വിതരണംചെയ്തു. ലൈഫ് ഗാര്‍ഡുകള്‍ക്കുള്ള യൂണിഫോം വിതരണവും നടന്നു. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി. എസ് ഗോപിനാഥന്‍, ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ഡയറക്ടര്‍ അദീല അബ്ദുള്ള, മത്സ്യ ഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍, മത്സ്യബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

സെമിനാറുകള്‍, ബിസിനസ് മീറ്റുകള്‍, മത്സ്യത്തൊഴിലാളി സംഗമങ്ങള്‍, മത്സ്യ കര്‍ഷകരുടെ സംഗമം, മത്സ്യത്തൊഴിലാളി വനിതാകൂട്ടായ്മ, കുട്ടികള്‍ക്കായി കിഡ്‌സ് ഗാല എന്നിവ മത്സ്യോത്സവം 2022ന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ദിവസവും വൈകിട്ട് കലാപരിപാടികളുമുണ്ട്. വിവിധ വകുപ്പുകള്‍, കേന്ദ്ര വകുപ്പുകള്‍, ഏജന്‍സികള്‍, സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഇന്ത്യന്‍ നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടേത് ഉള്‍പ്പെടെ നൂറോളം സ്റ്റാളുകള്‍ മേളയിലുണ്ട്. അലങ്കാര മത്സ്യ പ്രദര്‍ശനം, വില്‍പ്പന, മത്സ്യകൃഷി ഉപകരണങ്ങളുടെ വില്‍പ്പന, അക്വാടൂറിസം, മത്സ്യകൃഷി മോഡലുകള്‍, ടൂറിസം മത്സ്യ കൃഷി ഉപകരണങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. മേള 21നു സമാപിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News