‘നിന്റെ മുഖത്തുളള ഈ പുഞ്ചിരി എന്നും ഇങ്ങനെ തന്നെ നിലനില്‍ക്കട്ടെ’; നയന്‍താരയ്ക്ക് വിഘ്‌നേശ് ശിവന്റെ പിറന്നാള്‍ ആശംസ

തെന്നിന്ത്യയുടെയും മലയാളക്കരയുടെയും പ്രിയ താരം നയന്‍താരയുടെ 39ാം ജന്മദിനമാണ് ഇന്ന്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് ലേഡി സൂപ്പര്‍ സ്റ്റാറിന് ആശംസയുമായി രംഗത്തെത്തുന്നത്. ഈ അവസരത്തില്‍ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് കൊണ്ട് വിഘ്‌നേശ് ശിവന്‍ കുറിച്ച വാക്കുകളാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്.

”നമ്മള്‍ ഒന്നിച്ച് ആഘോഷിക്കുന്ന നിന്റെ ഒന്‍പതാമത്തെ പിറന്നാളാണിന്ന്. നിന്നോടൊപ്പമുളള ഒരോ പിറന്നാളും ഏറെ പ്രിയപ്പെട്ടതായിരുന്നു. പക്ഷെ ഇതായിരിക്കും ഏറെ പ്രത്യേകതയുളളത്. കാരണം നമ്മള്‍ ഇന്ന് ഭാര്യാഭര്‍ത്താക്കന്മാരാണ്. രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനും അമ്മയുമാണ്. നിന്നെ എനിക്കു വളരെ അടുത്തറിയാം, നീ എത്ര കരുത്തുളളവളാണെന്നും അറിയാം. നിന്റെ ജീവിതത്തിലെ ഓരോ വ്യതിയാനങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ഇന്ന് നിന്നെ അമ്മയായിട്ടു കാണുമ്പോള്‍ അതുകൂടുതല്‍ പൂര്‍ണത നല്‍കുന്നതായി തോന്നുന്നു. ഇപ്പോള്‍ നീ അധികം മേക്കപ്പ് ചെയ്യാറില്ല, കാരണം നമ്മുടെ കുട്ടികള്‍ നിനക്കു എപ്പോഴും ഉമ്മ തരുന്നുണ്ടല്ലോ. നിന്റെ മുഖത്തുളള ഈ പുഞ്ചിരി എന്നും ഇങ്ങനെ തന്നെ നിലനില്‍ക്കട്ടെ.ജീവിതം മനോഹരമാണെന്ന് തോന്നുന്നു… സംതൃപ്തിയും നന്ദിയും. എല്ലാ ജന്മദിനങ്ങളും ഇതുപോലെ സന്തോഷകരമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു! നമ്മുടെ കുഞ്ഞുങ്ങളോടൊപ്പം”, എന്നാണ് നയന്‍സിനൊപ്പമുള്ള ചിത്രം പങ്കുവച്ച് വിഘ്‌നേശ് കുറിച്ചത്.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഈ വര്‍ഷം ജൂണിലായിരുന്നു വിഘ്‌നേശും നയന്‍താരയും വിവാഹിതരായത്. പിന്നാലെ ഒക്ടോബര്‍ ഒന്‍പതിന് തങ്ങള്‍ വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായ വിവരവും ഇരുവരും അറിയിച്ചു. എന്നാല്‍ സന്തോഷത്തോടൊപ്പം തന്നെ താരദമ്പതികള്‍ വിവാദത്തിലും അകപ്പെട്ടു. വാടക ഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top