Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റില്‍ കായിക പുരസ്‌കാരദാനം 21-ന് 321 പേര്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിക്കുന്നത് 40 ലക്ഷം രൂപ

HIGHLIGHTS : Calicut University News; 321 cash awards of Rs.40 lakhs will be given to 321 people on 21st Sports Awards in Calicut

കാലിക്കറ്റില്‍ കായിക പുരസ്‌കാരദാനം 21-ന് 321 പേര്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിക്കുന്നത് 40 ലക്ഷം രൂപ

കാലിക്കറ്റ് സര്‍വകലാശാലയുടെ കായിക ചരിത്രത്തിലെ ഏറ്റവും വലിയ പുരസ്‌കാരദാനച്ചടങ്ങ് 21-ന് രാവിലെ 11 മണിക്ക് സര്‍വകലാശാല ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്സില്‍ നടക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല വിജയികളായ 321 കായിക താരങ്ങള്‍ക്കും അവരുടെ പരിശീലകര്‍ക്കുമായി 40 ലക്ഷത്തോളം രൂപയാണ് വിതരണം ചെയ്യുന്നത്. ഇതിന് മുമ്പ് നല്‍കിയതില്‍ ഏറ്റവും കൂടുതല്‍ 127 പേര്‍ക്കായിരുന്നു. ഒമ്പത് അഖിലേന്ത്യാ കിരീടങ്ങളും എട്ട് റണ്ണറപ്പ് കിരീടങ്ങളും ഏഴ് മൂന്നാംസ്ഥാനങ്ങളും ടീം ഇനങ്ങളില്‍ കരസ്ഥമാക്കിയും നിരവധി വ്യക്തിഗത മെഡലുകള്‍  കൈവരിച്ചുമാണ് ഇപ്പോഴത്തെ റെക്കോഡ് നേട്ടം.  10000 രൂപ, 9000 രൂപ, 5000 രൂപ എന്ന ക്രമത്തിലാണ് ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് നല്‍കുക. ചടങ്ങില്‍ കായികരംഗത്തെ മികച്ച കോളേജുകള്‍ക്കുള്ള ട്രോഫികളും ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. 75000, 50000, 25000 രൂപ വീതമാണ് ആദ്യ മൂന്ന് സ്ഥാനക്കാരായ കോളേജുകള്‍ക്ക് നല്‍കുക. കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സര്‍വകലാശാലയുടെ അഭിമാനതാരവും രാജ്യസഭാംഗവുമായ പത്മശ്രീ ഡോ. പി.ടി. ഉഷയെ ചടങ്ങില്‍ ആദരിക്കും. ആദ്യ അഞ്ച് സ്ഥാനത്തുള്ള കോളേജുകള്‍ക്ക് പുരുഷ, വനിത, ഓവറോള്‍ വിഭാഗങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും. ടീം മാനേജര്‍മാര്‍ക്ക് സ്പോര്‍ട്സ് കിറ്റുകളും വിതരണം ചെയ്യും. ചടങ്ങില്‍ സര്‍വകലാശാലയുടെ പുതിയ കായിക പദ്ധതികളായ സ്‌കേറ്റിംഗ് ട്രാക്ക്, സ്‌കേറ്റിംഗ് ഹോക്കി ഫീല്‍ഡ് എന്നിവയുടെ പ്രകാശനവും നടക്കും. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനാകും. പ്രൊ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍, മുന്‍ കായിക താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം അഡ്വ. ടോം കെ. തോമസ്, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ് എന്നിവരും പങ്കെടുത്തു.

സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ; ചര്‍ച്ച പുരോഗമിക്കുന്നു

കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനമായി പ്രഖ്യാപിതമായ കായിക ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘ നാക് ‘ എ പ്ലസ് ഗ്രേഡ് നേട്ടത്തിന്റെ അനുമോദനച്ചടങ്ങില്‍ കായികമന്ത്രി വി. അബ്ദുറഹ്‌മാനാണ് പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടമെന്ന നിലക്ക് നാലരക്കോടി രൂപയും അനുവദിച്ചു. മന്ത്രിയുടെ ഓഫീസുമായി ഓണ്‍ലൈനില്‍ ചര്‍ച്ച നടക്കുന്നുണ്ട്. നേരിട്ടുള്ള ചര്‍ച്ച 21-ന് നടക്കും. തുടര്‍ന്ന് സിന്‍ഡിക്കേറ്റിലും ചര്‍ച്ചകള്‍ നടക്കും. സ്പോര്‍ട്സ് മെഡിസിന്‍ ഉള്‍പ്പെടെയുള്ള ആധുനിക കായിക പഠനങ്ങളും ഗവേഷണവുമെല്ലാം ഉള്‍പ്പെടുന്ന പദ്ധതി കായികകേരളത്തിന് മുതല്‍ക്കൂട്ടാകുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

നിയുക്തി 2022 – മെഗാ ജോബ് ഫെയര്‍

മലപ്പുറം ജില്ലാ നിയുക്തി 2022 മെഗാ ജോബ് ഫെയര്‍ 26-ന് രാവിലെ 10 മണിക്ക് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സര്‍വകലാശാലാ പ്ലേസ്‌മെന്റ് സെല്ലും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വകാര്യ മേഖലയിലെ 50 പ്രമുഖ സ്ഥാനപങ്ങളിലെ രണ്ടായിരത്തോളം അവസരങ്ങളിലേക്കാണ് തൊഴിലന്വേഷകരെ ക്ഷണിക്കുന്നത്. കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോപാര്‍ക്കിലെ ഭക്ഷ്യ സംസ്‌കരണ, ഭക്ഷ്യ പാക്കിംഗ്, വിവര സാങ്കേതികത കമ്പനികളും മേളയുടെ ഭാഗമാവുന്നുണ്ട്. ബി.എസ് സി. ഫുഡ് ടെക്‌നോളജി, ബി ബി.ബി.എ, ഐടിഐ ഫിറ്റര്‍ യോഗ്യതയുള്ളവരെയാണ് ഭക്ഷ്യ സംസ്‌കരണ കമ്പനികള്‍ തേടുന്നത്. കസ്റ്റമര്‍ റിലേഷന്‍സ് എക്‌സിക്യൂട്ടിവ്, പി എച്ച് പി ഡെവലപ്പര്‍, ഡോട്ട് നെറ്റ് പ്രോഗ്രാമര്‍ എന്നിവക്ക് പുറമേ തുടക്കക്കാരെയും ഐടി കമ്പനികള്‍ക്ക് ആവശ്യമുണ്ട്. മേള വേദിയില്‍ തല്‍സമയം നടക്കുന്ന അഭിരുചി പരീക്ഷ മുഖേനയാണ് തുടക്കക്കാരെ ഐടി കമ്പനികള്‍ തിരഞ്ഞെടുക്കുന്നത്. രാജ്യത്തെ മുന്‍നിര പാദരക്ഷാ കമ്പനി , വിവിധ സ്വകാര്യ ആശുപത്രികള്‍ , വാഹന മാര്‍ക്കറ്റിംഗ് , ബാങ്കിംഗ് കമ്പനികളും ഭിന്നശേഷി തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജോബ് ഫോര്‍ ഇന്‍ഡ്യ എന്ന സന്നദ്ധ സംഘടനയും മേളയുടെ ഭാഗമാവുമെന്ന് പ്ലേസ്മെന്റ് സെല്‍ മേധാവി ഡോ. എ. യൂസുഫ്, ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ കെ. ഷൈലേഷ് എന്നിവര്‍ അറിയിച്ചു മേളയില്‍ പങ്കെടുക്കാന്‍ jobfest.kerala.gov.in എന്ന വെബ് സൈറ്റില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 18 മുതല്‍ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരാള്‍ക്ക് പരമാവധി മൂന്ന് കമ്പനികളില്‍ അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ എണ്ണം ബയോഡാറ്റ കയ്യില്‍ കരുതേണ്ടതാണ്. ആദ്യമായാണ് സര്‍വകലാശാല ക്യാംപസ് നിയുക്തി ജോബ് ഫെയറിന് വേദിയാവുന്നത്. വിവരങ്ങള്‍ക്ക് : 8078428570 , 9388498696.

ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പി.എസ്.സി. ഓറിയന്റേഷന്‍ ക്ലാസ്

എല്‍.പി., യു.പി., എച്ച്.എസ്.എ., എച്ച്.എസ്.എസ്.ടി. വിഭാഗങ്ങളില്‍ അറബിക് അദ്ധ്യാപകരാകാന്‍ പി.എസ്.സി പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സര്‍വകലാശാലാ അറബിക് പഠനവിഭാഗം ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. 20-ന് രാവിലെ 9.30-ന് പഠനവിഭാഗം സെമിനാര്‍ ഹാളിലാണ് ക്ലാസ്സ്. ഫോണ്‍ 9746035040, 9746572334, 9061100170.

ഹാള്‍ടിക്കറ്റ്

21-ന് ആരംഭിക്കുന്ന എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. റഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍, മെയ് 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 2 വരെയും 170 രൂപ പിഴയോടെ 5 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ബി.എഡ്. ഹിയറിംഗ് ഇംപയര്‍മെന്റ്, ഇന്റലക്ച്വല്‍ ഡിസബിലിറ്റി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 30-ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 21, 22, 23 തീയതികളില്‍ നടക്കും.

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 2-ന് തുടങ്ങും.

അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 22-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എഡ്. രണ്ടാം സെമസ്റ്റര്‍ ജൂലൈ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ ഡിസംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News