പാലിയേക്കരയില്‍ കമ്പനി പിരിച്ചെടുത്തത് 801.6 കോടി: നോട്ടിസയച്ചത് ഹൈക്കോടതി

കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് അനധികൃതമാണെന്നും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നാല് എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതിയുടെ നോട്ടിസ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ദേശീയപാത അതോറിറ്റി, ടോള്‍ പിരിവ് നടത്തുന്ന കമ്പിനി എന്നിവര്‍ക്കാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ദേശീയപാത നിര്‍മാണത്തിനു ചെലവായ തുകയില്‍ കൂടുതല്‍ ഇതിനകം കമ്പനി പിരിച്ചെന്നു കാണിച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

വരവുചെലവു കണക്കുകളുടെ വിവരാവകാശ രേഖകള്‍ ഉള്‍പ്പെടെ ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജൂണ്‍ 2020 വരെ കമ്പനി 801.6 കോടി രൂപ പിരിച്ചതായി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയപാതയുടെ നിര്‍മാണത്തിന് 721.17 കോടി രൂപ മാത്രമാണ് ചെലവിട്ടത്. 2012 ഫെബ്രുവരിയിലാണ് മണ്ണുത്തി, ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍ പിരിവ് ആരംഭിക്കുന്നത്.

കരാര്‍ പ്രകാരം, നിര്‍മാണ ചെലവ് ലഭിച്ചാല്‍ ആ ഭാഗത്തെ ടോള്‍ സംഖ്യയുടെ 40 ശതമാനം കുറയ്ക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാക്കളായ ഷാജി കോടങ്കണ്ടത്തും ടി.ജെ. സനീഷ്‌കുമാറും നേരത്തേ ഇതു കാണിച്ചു സുപ്രീംകോടതിയെ സമീപിച്ചിരുന്നതാണ്. സുപ്രീംകോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയിലെത്തിയത്.

Share news
error: Content is protected !!
Scroll to Top