Section

malabari-logo-mobile

ഇന്ന് കരിപ്പൂരിലെത്തിയ പ്രവാസികളില്‍ 21 പേരെ ആശുപത്രികളിലേക്ക്: കോവിഡ് ലക്ഷണങ്ങള്‍ കണ്ടത് ഏഴുപേര്‍ക്ക്

HIGHLIGHTS : കോഴിക്കോട്:  കരിപ്പൂരില്‍ ഇന്ന് പുലര്‍ച്ചെ എത്തിയ കുവൈത്തില്‍ നിന്നും ജിദ്ദയില്‍ നിന്നുമുള്ള വിമാനങ്ങളിലെ പ്രവാസികളില്‍ ഇരുപത്തി ഒന്നുപേരെ ആശുപത്രി...


തയ്യാറായി 108 ആംബുലന്‍സുകള്‍….

കോഴിക്കോട്:  കരിപ്പൂരില്‍ ഇന്ന് പുലര്‍ച്ചെ എത്തിയ കുവൈത്തില്‍ നിന്നും ജിദ്ദയില്‍ നിന്നുമുള്ള വിമാനങ്ങളിലെ പ്രവാസികളില്‍ ഇരുപത്തി ഒന്നുപേരെ ആശുപത്രികളിലേക്ക മാറ്റി
കുവൈത്തില്‍ നിന്നെത്തിയ പ്രവാസികളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയ ആറ് പേരെ മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ 108 ആംബുലന്‍സുകള്‍ കൊണ്ടുവന്ന് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. മൂന്ന് മലപ്പുറം സ്വദേശികള്‍, രണ്ട് പാലക്കാട് സ്വദേശികള്‍ എന്നിവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലേയ്ക്കും ഒരു കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

ജിദ്ദയില്‍ നിന്നെത്തിയ പ്രവാസികളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയത് ഒരു വനിതയ്ക്ക്. മലപ്പുറം സ്വദേശിയായ ഇവര്‍ക്ക് ആദ്യ ഘട്ട പരിശോധനയില്‍ത്തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരേയും റണ്‍വെയില്‍ത്തന്നെ ആംബുലന്‍സെത്തിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

sameeksha-malabarinews

ഇവരെ കൂടാതെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട കുവൈത്ത് വിമാനത്തില്‍ ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശിനിയായ ഗര്‍ഭിണിയേയും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ള രണ്ട് പാലക്കാട് സ്വദേശികളേയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും മാറ്റി. തൃശൂര്‍ സ്വദേശിയായ അര്‍ബുദ രോഗബാധിതനെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളുള്ള കാര്‍കോഡ് സ്വദേശി, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ള നാല് കോഴിക്കോട് സ്വദേശികള്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ജിദ്ദ വിമാനത്തിലുണ്ടായിരുന്ന മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ള നാല്് മലപ്പുറം സ്വദേശികളേയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. അലര്‍ജിയ്ക്ക് ചികിത്സയിലിരിക്കുന്ന ഒരാളും പൊള്ളലേറ്റ് ചികിത്സയിലുള്ള മറ്റൊരാളും വിവിധ ആരോഗ്യ പ്രശ്നങ്ങളുള്ള ഒരാളുമാണ് മഞ്ചേരിയില്‍ പ്രവേശിപ്പിച്ച മറ്റുള്ളവര്‍. വൃക്ക രോഗത്തിന് ചികിത്സയിലുള്ള ഒരു കോഴിക്കോട് സ്വദേശിയെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സുകളിലാണ് വിമാനത്താവളത്തില്‍ നിന്ന് ഇവരെ കൊണ്ടുപോയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!