നെഞ്ച് പൊടിയുന്ന വേദനയില്‍ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായ ചൂരല്‍മല സ്‌കൂളിലെ കുഞ്ഞുങ്ങളുടെ ഓര്‍മ്മയില്‍ അധ്യാപകര്‍

വയനാട്: രാജ്യത്തെ മനുഷ്യരെയാകെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരാണ്ട് തികയുന്നു. ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായ ചൂരല്‍മല സ്‌കൂളിലെ കുഞ്ഞുങ്ങളുടെ ഓര്‍മയില്‍ അധ്യാപകര്‍ വിങ്ങിപ്പൊട്ടി. ബെയ്ലി പാലത്തിന് സമീപം ഒരുക്കിയ, ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ ചിത്രങ്ങള്‍ക്ക് മുന്നില്‍ അധ്യാപകര്‍ അടക്കമുള്ളവര്‍ പുഷ്പാഞ്ജലി നടത്തി. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയും പുഷ്പാഞ്ജലി അര്‍പ്പിക്കാനെത്തി.ചൂരല്‍മല സ്‌കൂളിലെ 33 കുട്ടികളെയാണ് ഉരുള്‍പൊട്ടലില്‍ നഷ്ടമായത്.

ദുരന്തത്തില്‍ 298 പേരുടെ ജീവനാണ് പൊലിഞ്ഞത്. ജൂലൈ 30 ന് പുലര്‍ച്ചെയാണ് വലിയ ശബ്ദം ആദ്യം നാട്ടുകാര്‍ കേള്‍ക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്ന് കിലോമീറ്റര്‍ വനമേഖലയിലൂടെ കടന്നെത്തിയ ഉരുള്‍ ആദ്യം തുടച്ചെറിഞ്ഞ ജനവാസ മേഖല പുഞ്ചിരിമട്ടമാണ്. കുത്തിയൊലിച്ച മലവെള്ളവും പാറക്കെട്ടുകളും മരങ്ങളും ഇതോടെ ഒരുനാടിനെയാകെ ഇല്ലാതാക്കി. നിമിഷനേരത്തിനുള്ളില്‍ ഉരുള്‍ മുണ്ടക്കൈയിലുമെത്തി. പുലര്‍ച്ചെ നാലുമണിയോടെ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടി. പുന്നപ്പുഴ രണ്ടായി ഉരുണ്ടിറങ്ങി. മുണ്ടക്കൈയെ തുടച്ചെടുത്ത ഉരുള്‍ ചൂരല്‍മലയിലുമെത്തി. ചാലിയാര്‍, നിലമ്പൂര്‍ തുടങ്ങിയ വിവിധ ഭാഗങ്ങളില്‍ നിന്നാണ് മരിച്ചവരില്‍ ചിലരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ദുരന്തത്തില്‍ 298 പേരാണ് മരിച്ചത്. എന്നാല്‍ ഇതില്‍ 32 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ദുരന്തഭൂമിയില്‍ രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യമാണ് നടന്നത്.

കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ദുരന്തബാധിതര്‍ക്കായ് സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കുന്ന ടൗണ്‍ഷിപ്പിലെ മാതൃകാ വീട് നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. 410 വീടുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. വീടുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്നാണ് വിവരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

Share news
error: Content is protected !!
Scroll to Top