പ്രവാസികളുടെ രണ്ടാം സംഘം ഇന്ന് കരിപ്പൂരിലെത്തും
149 പ്രവാസികളുമായി പ്രത്യേക വിമാനം റിയാദില്‍ നിന്ന്
മലപ്പുറം: കോവിഡ് 19 വൈറസ് ബാധ ഗള്‍ഫ് മേഖലയില്‍ ആശങ്കയാവുന്നതിനിടെ റിയാദില്‍ നിന്നുള്ള ഒരു സംഘം പ്രവാസികള്‍ ഇന്ന് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. രാത്രി 8.30 ന് എത്തുന്ന പ്രത്യേക വിമാനത്തില്‍ 149 പേരാണുണ്ടാവുകയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്നാട് സ്വദേശികളായ 10 പേരും ഇതില്‍ ഉള്‍പ്പെടും. യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളാണ് (മലപ്പുറം – 23). 22 കുട്ടികളും (മലപ്പുറം – 11) അഞ്ച് പേര്‍ അടിയന്തര ചികിത്സക്കെത്തുന്നവരുമാണ് (മലപ്പുറം -1). എഴുപത് വയസിന് മുകളില്‍ പ്രായമുള്ള മൂന്നു പേരും അമ്മമാരോടൊപ്പം തിരിച്ചെത്തുന്ന 15 കുട്ടികളും സംഘത്തിലുണ്ടാവും.
യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക് – മലപ്പുറം – 48, പാലക്കാട് – 10, കോഴിക്കോട് – 23, വയനാട് – നാല്, ആലപ്പുഴ – മൂന്ന്, എറണാകുളം – അഞ്ച്, ഇടുക്കി – മൂന്ന്, കണ്ണൂര്‍ – 17, കാസര്‍ഗോഡ് – രണ്ട്, കൊല്ലം – ഒമ്പത്, കോട്ടയം – ആറ്, പത്തനംതിട്ട – ഏഴ്, തിരുവനന്തപുരം – രണ്ട്. ഇതിന് പുറമെ തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് പേരും കര്‍ണാടക സ്വദേശികളായ എട്ട് പേരും വിമാനത്തിലുണ്ടാകും.




