മഞ്ഞുമലയില്‍ ഇടിച്ച് അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ആഡംബരക്കപ്പല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ടൈറ്റന്‍ അന്തര്‍വാഹിനിയിലെ യാത്രക്കാര്‍ മരിച്ചതായി സൂചന. യാത്രക്കാരായ അഞ്ചു പേരും മരിച്ചതായി കണക്കാക്കുന്നതായി യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. അന്തര്‍വാഹിനി സമുദ്രാടിത്തട്ടില്‍ വച്ച് പൊട്ടിത്തെറിച്ചെന്നാണ് വിവരം.
കറാച്ചി ആസ്ഥാനമായ വന്‍കിട ബിസിനസ് ഗ്രൂപ്പ് ‘എന്‍ഗ്രോ’ യുടെ ഉടമ ഷഹ്സാദാ ദാവൂദ്, മകന്‍ സുലേമാന്‍, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിങ്, ഫ്രഞ്ച് ഡൈവര്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ്, ഓഷ്യന്‍ ഗേറ്റ് എക്‌സ്പെഡീഷന്‍സ് സിഇഒ സ്റ്റോക്ടണ്‍ റഷ് എന്നിവരാണ് ടൈറ്റനിലുണ്ടായിരുന്നത്. 96 മണിക്കൂറിലേക്ക് ആവശ്യമായ ഓക്‌സിജനുമായി അഞ്ചംഗ സംഘം ഞായര്‍ പുലര്‍ച്ചെയാണ് ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാന്‍ അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിലേക്ക് പോയത്. 1.45 മണിക്കൂറില്‍ പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. വ്യാഴം രാവിലെയൊടെ ഏതാനും മണിക്കൂറിലേക്കുള്ള ഓക്‌സിജന്‍ മാത്രമേ പേടകത്തില്‍ ഉണ്ടാകൂ എന്ന സ്ഥിതിയായിയിരുന്നു.
അവസാന പ്രതീക്ഷയെന്നവണ്ണം വിക്ടര്‍ 6000 എന്ന അണ്ടര്‍വാട്ടര്‍ റോബോട്ടും വ്യാഴാഴ്ച രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. അന്തര്‍വാഹിനികളേക്കാള്‍ ആഴത്തില്‍ സമുദ്രാന്തര്‍ഭാഗത്ത് എത്താന്‍ ശേഷിയുള്ള റോബോട്ടിന് നാലര ടണ്‍ ഭാരമുണ്ട്. ഫ്രഞ്ച് കപ്പലായ അറ്റ്ലാന്റയില്‍നിന്നാണ് ഇതിനെ നിയന്ത്രിക്കുന്നത്. സമുദ്രത്തിന്റെ 10,000 ചതുരശ്ര മൈലാണ് പരിശോധിച്ചത്. ചെറുപേടകങ്ങളെ സമുദ്രോപരിതലത്തിലേക്ക് വലിച്ചുകൊണ്ടുവരാന്‍ പ്രാപ്തമായ ഉപകരണങ്ങള്‍ വിന്യസിക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ നാവികസേന വ്യക്തമാക്കിയിരുന്നു. 22 അടി നീളമുള്ള ടൈറ്റന്‍ 9071 കിലോയുണ്ട്.
എന്നാല്‍, വടക്കന്‍ അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിലെ കൂരിരുട്ടും കൊടുംതണുപ്പും ശക്തിയേറിയ ജലതരംഗങ്ങളും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നേരത്തേതന്നെ, പേടകത്തിന്റെ സുരക്ഷാവീഴ്ചകളെപ്പറ്റിയുള്ള മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. ടൈറ്റാനിക്കിന്റെ പ്രോപ്പല്ലറുകള്‍ക്കിടയില്‍ പേടകം കുടുങ്ങിയിരിക്കാമെന്ന അനുമാനങ്ങളും പുറത്തുവന്നിരുന്നു. ഓഷ്യന്‍ഗേറ്റ് എന്ന വിനോദസഞ്ചാര സ്ഥാപനത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ടൈറ്റന്‍ അന്തര്‍വാഹിനി.
ഒഷ്യന്‍ ഗേറ്റ് എന്ന സ്വകാര്യ കമ്പനി നടത്തുന്ന ഈ ആഴക്കടല്‍ ടൂറിനായി ഒരാള്‍ നല്‍കേണ്ട ഫീസ് രണ്ട് കോടി രൂപയാണ്. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ടൈറ്റാനിക് കപ്പല്‍ കാണാന്‍ പോയ സംഘം അപകടത്തില്‍പെട്ടത് ഞായറാഴ്ചയാണ്. അമേരിക്കന്‍ തീര സംരക്ഷണ സേനയാണ് തകര്‍ന്ന ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ടൈറ്റാനികിന് 1600 മീറ്റര്‍ അകലെയായിരുന്നു അഞ്ച് ഭാഗങ്ങളായി അവശിഷ്ടങ്ങള്‍ കിടന്നിരുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 ഓടെ ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യന്‍ ഗേറ്റ് കമ്പനിയുടെ സ്ഥിരീകരണമെത്തി. തങ്ങളുടെ സിഇഒ, സ്റ്റോക്ടന്‍ റഷ് ഉള്‍പ്പെടെ പേടകത്തിലെ 5 യാത്രക്കാരും മരിച്ചതായി കമ്പനി സ്ഥിരീകരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




