പകര്‍ച്ചപ്പനി തടയാന്‍ നാടൊരുമിച്ച് രംഗത്തിറങ്ങണം; മുഖ്യമന്ത്രി;സംസ്ഥാനത്ത് ത്രിദിന ശുചീകരണം

തിരുവനന്തപുരം:പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. പകര്‍ച്ചപ്പനി പടരുന്നത് തടയുന്നതിനായി സംസ്ഥാന വ്യാപകമായി ജനകീയ ശുചീകണത്തിന് നാടൊരുമിച്ച് രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൂന്ന് ദിവസമായി സംഘടിപ്പിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ-ഇതര സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ഒരുമിച്ച് കൈകോര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനവ്യാപകമായി എല്ലാ പ്രദേശത്തും 27,28,29 തീയതികളില്‍  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പൊതുസ്ഥലങ്ങള്‍, ഓഫീസുകള്‍ ഉള്‍പ്പെടെ ജനങ്ങള്‍ ഇടപെടുന്ന എല്ലാ മേഖലകളും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ശുചിയാക്കും. 23ന് എല്ലാ ജില്ലയിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതല യോഗങ്ങള്‍ ചേരും. വൈകിട്ട് മൂന്നിന് തിരുവനന്തപുരത്ത് സര്‍വ്വകക്ഷി യോഗം നടക്കും.

ജനപ്രതിനിധികള്‍ക്കും വിവിധ സംഘടനാ പ്രവര്‍ത്തകര്‍ക്കും ഒപ്പം കുടുംശ്രീ, ആശാ പ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകര്‍, ആരോഗ്യ മേഖലയിലെ വിവിധ പ്രവര്‍ത്തകള്‍, എൻഎസ്എസ്, എന്‍സിസി, പൊലീസ് ക്യാമ്പുകളിലെ പൊലീസുകാര്‍ തുടങ്ങി എല്ലാവരേയും ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് മാധ്യമങ്ങളും മുന്‍കൈ എടുക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

പനിബാധിത പ്രദേശങ്ങളെ ഹൈറിസ്‌ക്ക്, മോഡറേറ്റ് റിസ്‌ക്ക്, ലോ റിസ്‌ക്ക് മേഖലകളായി തരംതിരിക്കും. ഹൈറിസ്‌ക്ക് മേഖലയില്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യും. ആശുപത്രികളെയും ഡോക്ടര്‍മാരെയും ഇതിനായി സജ്ജമാക്കും. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കൊപ്പം സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, ഹൌസ് സര്‍ജ്ജന്‍മ്മാര്‍, പിജി വിദ്യാര്‍ഥികള്‍ തുടങ്ങി ലഭ്യമായ സേവനങ്ങള്‍ എല്ലാ ഒരുക്കും.
ആശുപത്രികളില്‍ കിടത്തി ചികിത്സയടക്കം കാര്യക്ഷമമാക്കാന്‍ ഉപയോഗിക്കാതെ കിടക്കുന്ന ആശുപത്രിക്കെട്ടിടങ്ങളും വാര്‍ഡുകളും പ്രവര്‍ത്തിപ്പിക്കും. മൊബൈല്‍ ക്ളിനിക്കുകളിലൂടെ നാട്ടിന്‍പുറങ്ങളിലടക്കം ചികിത്സ ലഭ്യമാക്കും.  ആവശ്യമെങ്കില്‍ പുതിയ ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങും. ആവശ്യാനുസരണം താല്‍ക്കാലികമായി ഡോക്ടര്‍മാരേയും നഴ്സുമാരേയും സര്‍ക്കാര്‍ നിയമിക്കും. പ്രാഥമിക-സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ പ്രവര്‍ത്തകരുടെയും സേവനം ഉറപ്പാക്കും.

Related Articles