തിരൂരങ്ങാടി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കര്‍മ്മ സജ്ജരായ തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ലോക്ക് ഡൗണ്‍ ലഘൂകരിച്ചതോടെ നിരത്തുകളിലെ സുരക്ഷക്കായി രംഗത്ത്.
റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍, ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങള്‍, കാഴ്ച മറയ്ക്കുന്ന വസ്തുക്കള്‍, റോഡിലും പാതയോരങ്ങളിലും സുഖമമായ യാത്രക്ക് വിഘാതമാകുന്ന രീതിയില്‍ കൂട്ടിയിട്ട കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, വൃക്ഷ കൊമ്പുകള്‍ എന്നിവ നീക്കം ചെയ്യാനുള്ള നടപടികള്‍ക്കാണ് ഉദ്യോഗസ്ഥര്‍ തുടക്കംകുറിച്ചത്. കേരള ഹൈക്കോടതിയുടെ വിപി(സി) 9670 / 2018 ലെ വിധിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ‘ഓപ്പറേഷന്‍ ക്ലിയര്‍ പാത്ത് വേഴ്‌സ്’ എന്ന പേരില്‍ ഇത്തരം വസ്തുക്കളുടെ ഉടമസ്ഥതയുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവര്‍ക്ക് ഒഴിയാനുള്ള നോട്ടീസ് നല്‍കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
തേഞ്ഞിപ്പാലം, യൂണിവേഴ്‌സിറ്റി, ചേളാരി, കക്കാട് ,കരിമ്പില്‍, പൂക്കിപ്പറമ്പ്, കോഴിച്ചെന തുടങ്ങിയ മേഖലയിലാണ് തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എസ് എ ശങ്കരപ്പിള്ളയുടെ നിര്‍ദ്ദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കര്‍, എ എം വി ഐ മാരായ ടി പി സുരേഷ് ബാബു, കെ സന്തോഷ് കുമാര്‍, ഷാജില്‍ കെ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് നോട്ടീസ് നല്‍കിയത്.




