തിരൂരങ്ങാടി ‘കരുണ’ ഓര്‍ത്തോ പീഡിക് ഓപ്പറേഷന്‍ തിയേറ്റര്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്യും.

തിരൂരങ്ങാടി: കാന്‍സര്‍, കിഡ്നി നിര്‍ധന രോഗികളുടെ ആശ്രയ കേന്ദ്രമായ പാലത്തിങ്ങല്‍ പള്ളിപ്പടി കരുണ കാന്‍സര്‍ ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ഓര്‍ത്തോ പീഡിക് ഓപ്പറേഷന്‍ തിയേറ്റര്‍ ഞായറാഴ്ച കാലത്ത് 10 മണിക്ക് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കെ.പി.എ മജീദ് എം.എല്‍.എ, പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്, നിയാസ് പുളിക്കലകത്ത്, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.പി അഹമ്മദ്, മായന്‍ കുട്ടി മലപ്പുറം, ടി.കെ അഷ്റഫ്, താജുദ്ധീന്‍ സ്വലാഹി, ഉസ്മാന്‍ അമ്മാറമ്പത്, സി.പി ഇസ്മായില്‍, ഡോ.ഇ.എസ്. സജീവന്‍ സംബന്ധിക്കും.

നാട്ടില്‍ കാന്‍സര്‍ രോഗികള്‍ വര്‍ധിച്ചു വന്നതോടെ 1998ല്‍ കരിപറമ്പ് ആസ്ഥാനമായി പാലിയേറ്റിവ് ഉദ്യമത്തിലൂടെ രംഗത്തുവന്ന കരുണ പിന്നീട് ഹോംകെയര്‍ സര്‍വ്വീസ് ആരംഭിക്കുകയും തുടര്‍ന്ന് കരിപറമ്പില്‍ വയലിനോട് ചേര്‍ന്ന് 15 സെന്റ് ഭൂമിയില്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു.
രോഗികളുടടെ എണ്ണം വര്‍ധിച്ചതോടെ 2013ല്‍ ആധുനിക സൗകര്യങ്ങളോടെ പാലത്തിങ്ങല്‍ പള്ളിപ്പടിയില്‍ ഒരേക്കര്‍ ഭൂമിയില്‍ കാന്‍സര്‍ ആശുപത്രി സ്ഥാപിച്ചു. ആറു നില കെട്ടിടത്തിന്റെ മൂന്നുനിലകളാണ് പൂര്‍ത്തിയായത്. ഇതിനകം നാലായിരത്തോളം രോഗികള്‍ കരുണയെ ആശ്രയിച്ചു.

കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കുന്നതിനുള്ള മാമോഗ്രാഫി, എക്‌സ്‌റേ, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, മിനി ലാബോറട്ടറി കൂടാതെ കിഡ്നി രോഗികള്‍ക്ക് ഡയാലിസിസ് സെന്റര്‍ തുടങ്ങിയവയാണ് കരുണയില്‍ ഇപ്പോഴുള്ളത്. കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിന് ഒരു ഓങ്കോളജിസ്റ്റ്, രണ്ട് ആര്‍.എം.ഒ മാര്‍, മനോരോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിന് സൈക്യാട്രിസ്റ്റ്, ഡയാലിസിസ് യൂണിറ്റ് കൈകാര്യം ചെയ്യുന്നതിന് ഒരു നെഫ്രോളജിസ്റ്റ് തുടങ്ങി അന്‍പതോളം ജീവനക്കാര്‍ കരുണയില്‍ ജോലിചെയ്യുന്നുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് വേദനാസംഹാരിയായ മോര്‍ഫിന്‍ അടക്കം പരിശോധനയും, മരുന്നുകളും തീര്‍ത്തും സൗജന്യമാണ്. കൂടാതെ ഭക്ഷണം, രോഗികള്‍ക്ക് ഒരു മാസത്തേക്കുമുള്ള മുഴുവന്‍ ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവയും കരുണ നല്‍കി വരുന്നുണ്ട്. നാട്ടില്‍ കിഡ്നി രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഈയിടെ 4.25 കോടി രൂപ ചെലവില്‍ മുപ്പത് മെഷീനുകളോടെ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചത്. 20 ശതമാനം പൂര്‍ണ്ണമായും നിര്‍ധരരായവര്‍ക്ക് സൗജന്യമാണ്. നിലവില്‍ 50 രോഗികള്‍ക്കാണ് ഡയാലിസിസ് നടത്തിവരുന്നത്. മുന്നോട്ട് കൊണ്ടുപോകാന്‍ വര്‍ഷം രണ്ടരക്കോടി രൂപയോളം ചിലവ് വരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ.പി അബൂബക്കര്‍, സെക്രട്ടറി പി.എം ഷാഹുല്‍ഹമീദ്, ട്രഷറര്‍ എം.വി സൈദലവി, എം.ടി റഹ്‌മത്തുള്ള, മാനേജര്‍ ഉണ്ണിമുഹമ്മദ് സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top