തിരൂര്‍: തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്ത രണ്ട് പ്രതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തിരൂരില്‍ എസ്.ഐ ഉള്‍പ്പടെ 18 പൊലീസുകാര്‍ക്ക് ക്വാറന്റയിന്‍ പ്രവേശിച്ചു. രണ്ടു വ്യത്യസ്ത കേസുകളിലാണ് ഈ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ജാമ്യത്തിലിറങ്ങിയിരുന്നത് ശേഷമാണ് രോഗം സ്ഥിരീകരിച്ച റിപ്പോര്‍ട്ട് വന്നത്.
കഴിഞ്ഞ 29ന് അറസ്റ്റ് ചെയ്ത മംഗലം, തൃപ്രങ്ങോട് പഞ്ചായത്തുകളില്‍പ്പെട്ട രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ ജയിലില്‍ അടക്കുന്നതിന് മുമ്പായി കൊവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ഫലം പുറത്ത് വന്നത് ഇപ്പോഴാണ്. ഇതിനിടെ ഇരുവരും ജാമ്യത്തിലിറങ്ങി നാട്ടില്‍ എത്തുകയും ചെയ്തു. ഒരാളെ മണല്‍ കടത്തിനും രണ്ടാമനെ വഞ്ചനാ കേസിലുമായിരുന്നു അറസ്റ്റ് ചെയ്തത്.
കൊവിഡ് സ്ഥിരീകരിച്ചതോടെ രണ്ട് പേരെയും കണ്ടെത്തി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




