തിരൂരില്‍ വിവാഹ അഭ്യര്‍ഥന നിരസിച്ച പതിനഞ്ചുകാരിയെ കൊലപ്പെടുത്തി

തിരൂര്‍: വിവാഹ അഭ്യര്‍ഥന നിരസിച്ച പതിനഞ്ചുകാരിയെ യുവാവ് കൊലപ്പെടുത്തി. ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ബന്ധുവായ യുവാവ് വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തിരൂര്‍ മുത്തൂരില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.

തിരൂര്‍ മുത്തൂരില്‍ വിഷുപ്പാടത്തിനുസമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശി സാത്തി ബീവിയുടെ മകള്‍ സാമിന കാത്തൂണ്‍ ആണ് കൊല്ലപ്പെട്ടത്. പിതാവിന്റെ ബന്ധുവായ ഷാ ദത്ത് ഹുസൈന്‍(24) ആണ് പിടിയിലായത്. കോണ്‍ഗ്രീറ്റ് ജോലിക്കായാണ് സാമിനയുടെ കുടുംബം കേരളത്തിലെത്തിയത്. വെള്ളിയാഴ്ച വീട്ടില്‍ ആളില്ലാത്ത സമയത്താണ് സംഭവം നടന്നത്.

മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. എന്നാല്‍ ഇത് നിരസിച്ചതോടെ രോഷാകുലനായ പ്രതി കയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. നെഞ്ചിലും ശരീരത്തിന്റെ വലതുഭാഗത്തും കുത്തേറ്റ കുട്ടി ഓടുന്നതിനിടെ മുറിയില്‍ വീണപ്പോള്‍ ഇടതുകാലിനും കുത്തി. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടി നാട്ടുകാര്‍ കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിത്തിക്കുകയും അവിടെ നിന്ന് കോട്ടക്കലിലെ സ്വാകര്യാശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതി കുറ്റം സമ്മതിച്ചു. സാമിനയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles