തിരൂര്‍; പ്രസവ-പ്രസവാനന്തര ചികിത്സയില്‍ ഉയര്‍ന്ന നിലവാരമുളള പരിചരണമുറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച മാതൃശിശു ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു.
ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി. പുതിയ ബ്ലോക്കിന്റെ സമര്‍പ്പണവും എം.എല്‍.എ നിര്‍വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് കോടി രൂപ ചെലവഴിച്ച് ലക്ഷ്യ (ലേബര്‍ റൂം ക്വാളിറ്റി ഇപ്രൂവ്മെന്റ് പ്രോഗ്രം ഇനിഷേറ്റീവ്) ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആശുപത്രിയില്‍ നിലവില്‍ മൂന്നു നിലകളായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന് മുകളിലായാണ് ലക്ഷ്യ പദ്ധതിക്കായി സ്ഥലമൊരുക്കിയിരിക്കുന്നത്.




