HIGHLIGHTS : Timely change in teacher training in ITIs: Minister V Sivankutty
സംസ്ഥാനത്തെ ഐടിഐകളിലെ അധ്യാപക പരിശീലനത്തിൽ കാലാനുസൃത മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഐടികളുടെ പ്രവർത്തനത്തിൽ കൂടുതൽ മികവ് കൈവരിക്കുന്ന തരത്തിലുള്ള അടിമുടിമാറ്റമാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നവകൈരളി ഹാളിൽ നടന്ന ഐടിഐകളുടെ സംസ്ഥാനതല കോൺവൊക്കേഷൻ പരിപാടിയിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
അനുദിനം തൊഴിൽമേഖലകൾ വികസിച്ചുവരുന്ന കാലഘട്ടത്തിൽ അധ്യാപകരും അറിവ് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. വിദ്യാർത്ഥികളിലെ അറിവും നൈപുണ്യം വർദ്ധിപ്പിക്കാൻ അധ്യാപകരാണ് പ്രോത്സാഹനം നൽകേണ്ടത്. ഐ ടി ഐ കളുടെ പഠന നിലവാരവും പരിശീലന നിലവാരവും ഉയർത്തുന്നതിനായി സർക്കാർ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ഐ ടി ഐകളിൽ നിന്നും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന ട്രെയിനികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി പ്ലെയ്സ്‌മെന്റ് സെല്ലുകൾക്ക് പുറമേ ജില്ലാ തലത്തിലുള്ള സ്പെക്ട്രം ജോബ് ഫെയറുകൾ വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിക്കുകയും ഇതിലൂടെ നിരവധി ട്രെയിനികൾക്ക് വിദേശത്തും സ്വദേശത്തുമുള്ള കമ്പനികളിൽ തൊഴിൽ ലഭ്യമാകുകയും ചെയ്യുന്നുണ്ട്. ഈ സർക്കാരിന്റെ കാലത്ത് പുതുതായി ആരംഭിച്ച നാല് സർക്കാർ ഐടിഐകൾ ഉൾപ്പെടെ ആകെ 108 സർക്കാർ ഐ ടി ഐകൾ വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു. ഈ സർക്കാരിന്റെ കാലത്ത് 10 സർക്കാർ ഐ ടി ഐകൾ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തി. തിരുവനന്തപുരം ജില്ലയിൽ പുതുതായി ആരംഭിച്ച ചാല ഗവ. ഐ ടി ഐയിൽ ഉൾപ്പെടെ 4 പുതിയ ഐ ടി ഐകളിലും ന്യൂജനറേഷൻ ട്രേഡുകളായ അഡിറ്റീവ് മാനുഫാകച്വറിങ് ടെക്‌നിഷ്യൻ, മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ടസ്, ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മനുഫാകച്വറിങ്, മറൈൻ ഫിറ്റർ, വെൽഡർ, സോളാർ ടെക്‌നിഷ്യൻ (ഇലക്ട്രിക്കൽ), ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, മെക്കാനിക് ഇലക്ട്രിക് വെഹിക്കിൾ എന്നിവ ഈ വർഷവും അടുത്ത വർഷവുമായി ആരംഭിക്കുന്നതിനുള്ള നടപടി കൈക്കൊണ്ടിട്ടുണെന്നും മന്ത്രി അറിയിച്ചു.
ആഗസ്റ്റ് 2024 ൽ നടന്ന അഖിലേന്ത്യാ ട്രേഡ് റഗുലർ പരീക്ഷയിൽ കേരളത്തിൽ നിന്നും ആകെ 29998 ട്രെയിനികൾ പങ്കെടുക്കുകയും അതിൽ 28385 ട്രെയിനികൾ വിജയിക്കുകയും ചെയ്തു. വിജയ ശതമാനം 94.62% ആണ്. കേരളത്തിൽ പരിശീലനം നൽകുന്ന 78 ട്രേഡുകളിൽ നിന്നും 43ട്രേഡുകളിലെ 57 ട്രെയിനികളെ നാഷണൽ ടോപ്പേഴ്സ് ആയി ഡി ജി ടി തിരഞ്ഞെടുത്തിട്ടുണ്ട്. അതിൽ ഓവർ ആൾ നാഷണൽ ടോപ്പർ ആയി 600 – ൽ 600 മാർക്കും നേടിയ കോഴിക്കോട് വനിതാ ഗവ. ഐ ടി ഐ യിലെ CHNM ട്രേഡിലെ അഭിനയ എൻ, പ്ലംബർ ട്രേഡിലെ നാഷണൽ ഫീമെയിൽ ടോപ്പറായി SCDD കടകംപള്ളി ഗവ. ഐ ടി ഐ യിലെ ദിവ്യ ആർ, ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡിലെ നാഷണൽ ടോപ്പറായി കഴക്കൂട്ടം ഗവ. ഐ ടി ഐയിലെ ആർഷ എസ് ആർ എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ ട്രെയിനികളെ അനുമോദിക്കുന്നതിനായി ന്യൂഡൽഹിയിൽ വച്ച് നടക്കുന്ന കോൺവൊക്കേഷൻ സെറിമണിയിലേയ്ക്ക് ഡി ജി ടി ക്ഷണിച്ചിട്ടുള്ളത് സംസ്ഥാനത്തിന് അഭിമാനാർഹമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ സൂഫിയാൻ അഹമ്മദ് , മറ്റു ഉദ്യോഗസ്ഥർ, ഇൻസ്ട്രെക്ടർമാർ തുടങ്ങിയവർ സംബന്ധിച്ചു.