ആര്‍ബിഎസ്‌കെ പദ്ധതിയില്‍ കോഴിക്കോടിന് മികച്ച നേട്ടം

കോഴിക്കോട് ജില്ലക്ക് 2023-24 വര്‍ഷത്തെ മികച്ച രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം (ആര്‍ബിഎസ്‌കെ) ചൈല്‍ഡ് ഹെല്‍ത്ത് പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ്. ശിശു ആരോഗ്യ പ്രവര്‍ത്തനങ്ങളിലെ വിവിധ നേട്ടങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചത്.

തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെയില്‍ നിന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന്‍ അംഗീകാരം ഏറ്റുവാങ്ങി.

നവജാതശിശു മുതല്‍ 18 വയസ് വരെയുള്ള കുട്ടികളിലെ ജനന വൈകല്യങ്ങള്‍, വളര്‍ച്ചയിലും വികാസത്തിലേയും കാലതാമസം, ബാല്യകാല അസുഖങ്ങള്‍ തുടങ്ങി 30 തരം അസുഖങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനും സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ കേരളത്തില്‍ നടപ്പിലാക്കിവരുന്ന ദേശീയ പദ്ധതിയാണ് ആര്‍ബിഎസ്‌കെ. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതി നടപ്പിലാക്കി വരുന്നു.

അംഗനവാടികള്‍, ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍, പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പദ്ധതി നടത്തുന്നത്.

വിദഗ്ധ പരിശീലനം ലഭിച്ച ആര്‍ബിഎസ്‌കെ നഴ്‌സുമാരാണ് പരിശോധനകള്‍ നടത്തുന്നത്. ഈ പരിശോധന വഴി കണ്ടെത്തുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top