മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകളെയും ജീവനക്കാരെയും വടകര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.
2022-23 വര്‍ഷത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ബ്ലോക്ക് തലത്തിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള കുഞ്ഞപ്പ നമ്പ്യാര്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി ഏറാമല ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. ചോറോട്, അഴിയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ രണ്ടാം സ്ഥാനം പങ്കിട്ടു.
ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ചോറോട് ഗ്രാമപഞ്ചായത്തും പട്ടികജാതി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചതിന് അഴിയൂര്‍ ഗ്രാമപഞ്ചായത്തും ഒന്നാം സ്ഥാനം നേടി. ജില്ലയില്‍ ആദ്യ 100 തൊഴില്‍ ദിനം പൂര്‍ത്തീകരിച്ച കുടുംബം, മിഷന്‍ അമൃത് സരോവര്‍, പൊതുകുളത്തിന്റെ നവീകരണ പ്രവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്തും അവാര്‍ഡിന് അര്‍ഹമായി.
‘തിളക്കം 23 ‘എന്ന പേരില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശക്കീല ഈങ്ങോളി, ആയിഷ ഉമ്മര്‍, പി.ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം സത്യന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ദീപു രാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശശികലാ ദിനേശന്‍ സ്വാഗതവും ഹരികുമാര്‍ ജി നന്ദിയും പറഞ്ഞു.



