തൃശ്ശൂരില്‍ ഇന്ന് പുലികളിറങ്ങും

HIGHLIGHTS : Tigers will descend on Thrissur today

തൃശൂര്‍: ഓണാഘോഷത്തിന് സമാപനമായി നാലോണ നാളില്‍ തൃശൂരില്‍ ബുധനാഴ്ച പുലികളി. സ്വദേശികളും വിദേശികളുമായി പതിനായിരങ്ങള്‍ പുലികളി കാണാന്‍ സ്വരാജ് റൗണ്ടില്‍ വട്ടമിടും. തൃശൂര്‍ പൂരം കഴിഞ്ഞാല്‍ ഇത്രയധികം ആളുകള്‍ പങ്കെടുക്കുന്ന ആഘോഷം തൃശൂരില്‍ മറ്റൊന്നില്ല. വിവിധ ദേശങ്ങളില്‍നിന്ന് പുറപ്പെടുന്ന പുലികള്‍ക്കൊപ്പം ജനാരവവും സഞ്ചരിക്കും.

ഏഴ് ദേശങ്ങളില്‍ നിന്നുള്ള പുലികളി സംഘങ്ങളിലെ മുന്നൂറിലേറെ പുലികള്‍ പട്ടണം കൈയടക്കും. വൈകിട്ട് അഞ്ചിന് സ്വരാജ് റൗണ്ടില്‍ നായ്ക്കനാല്‍ ജങ്ഷനില്‍ പാട്ടുരായ്ക്കല്‍ ദേശം സംഘത്തിന്റെ വരവോടെ പുലികളിക്ക് തുടക്കമാകും. യുവജനസംഘം വിയ്യൂര്‍, വിയ്യൂര്‍ ദേശം പുലിക്കളി സംഘം, സീതാറാം മില്‍ ദേശം, ശങ്കരംകുളങ്ങര ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം എന്നീ സംഘങ്ങള്‍ പിന്നാലെയെത്തും.

sameeksha-malabarinews

ഒരു പുലികളി സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളുണ്ടാകും. ഒരു നിശ്ചല ദൃശ്യവും ഒരു പുലിവണ്ടിയും ഉണ്ടാകും. പുലികളി രാത്രി പത്തുവരെ നീളും. പുലികളുടെ വരവറിയിച്ച് ചൊവ്വാഴ്ച പുലിക്കൊട്ടും പുലിവാല്‍ എഴുന്നള്ളിപ്പും നടന്നു. പങ്കെടുക്കുന്ന ഓരോ സംഘത്തിനും കോര്‍പറേഷന്‍ 3,12,500 രൂപ വീതം സഹായം നല്‍കും.

തൃശൂര്‍ കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന പുലികളി നടത്തിപ്പിനായി സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോവിന്റെ മേല്‍നോട്ടത്തില്‍ നാല് എസിപിമാരുടെ നേതൃത്വത്തില്‍ അഞ്ച് മേഖലകളായി തിരിച്ച് 523 പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കായി സൗജന്യ കുടിവെള്ള വിതരണവും മെഡിക്കല്‍ സഹായവും ആംബുലന്‍സും സജ്ജീകരിച്ചിട്ടുണ്ട്. വയനാട് ദുരന്ത പാശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഓണാഘോഷം ഒഴിവാക്കിയെങ്കിലും തൃശൂര്‍ കോര്‍പറേഷന്റെ അഭ്യര്‍ഥനപ്രകാരം പ്രത്യേക അനുമതി നല്‍കുകയായിരുന്നു. കോര്‍പറേഷന്റെ തനത് ഫണ്ടില്‍നിന്ന് തുക ചെലവഴിക്കാനുള്ള അനുമതിയും നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!