Section

malabari-logo-mobile

യുനെസ്‌കോ ആഗോളപഠനനഗര ശൃംഖലയില്‍ തൃശൂരും നിലമ്പൂരും

HIGHLIGHTS : കൊച്ചി കേര്‍പ്പറേഷനെ സിറ്റി ഓഫ് ഡിസൈന്‍ പദവിയിലേക്ക് ഉയര്‍ത്താനും കോഴിക്കോട് കോര്‍പ്പറേഷനെ സിറ്റി ഓഫ് ലിറ്ററേച്ചര്‍ ആക്കി മാറ്റാനും കണ്ണൂര്‍ കോര്‍പ...

തൃശൂര്‍:യുനെസ്‌കോയുടെ ഗ്ലോബല്‍ ലേണിംഗ് സിറ്റി (ആഗോളപഠനനഗര) ശൃംഖലയില്‍ തൃശൂര്‍ കോര്‍പ്പറേഷനെയും നിലമ്പൂര്‍ നഗരസഭയേയും ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ വൈജ്ഞാനിക സാമ്പത്തിക സമൂഹമെന്ന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാവുകയാണെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

രാജ്യത്ത് ആദ്യമായാണ് ആഗോളപഠനനഗരം പദവിയിലേക്ക് കേരളത്തിലെ രണ്ട് നഗരങ്ങള്‍ ഉയരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍, ആഗോളപഠനനഗരമാക്കാനുള്ള നിലവാരം തൃശൂരിനും നിലമ്പൂരിനുമുണ്ടെന്ന് മനസിലാക്കിയാണ് യുനെസ്‌കോയ്ക്ക് ശുപാര്‍ശ ചെയ്തത്. തൃശൂര്‍ കോര്‍പ്പറേഷനില്‍ കിലയും തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിംഗും സംയുക്തമായാണ് ആഗോളപഠനനഗരമാക്കി മാറ്റുന്നത്. പത്ത് വര്‍ഷത്തേക്കുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. നിലമ്പൂരില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള വിജ്ഞാനകേന്ദ്രങ്ങള്‍ ഇതിന്റെ ഭാഗമായി യാഥാര്‍ത്ഥ്യമാക്കും. രാജ്യത്തിന് തന്നെ മാതൃകയായി മാറുന്ന പദ്ധതികളാണ് കേരളത്തിലെ നഗരങ്ങളില്‍ നടപ്പിലാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

കേരളത്തിലെ മറ്റ് നഗരങ്ങളെയും ആഗോളതലത്തില്‍ ഉയര്‍ത്തുന്നതിനാവശ്യമായ പദ്ധതികള്‍ കിലയുടെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ച് യുനെസ്‌കോയ്ക്കും മറ്റ് ഏജന്‍സികള്‍ക്കും നല്‍കുവാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. കൊച്ചി കേര്‍പ്പറേഷനെ സിറ്റി ഓഫ് ഡിസൈന്‍ പദവിയിലേക്ക് ഉയര്‍ത്താനും കോഴിക്കോട് കോര്‍പ്പറേഷനെ സിറ്റി ഓഫ് ലിറ്ററേച്ചര്‍ ആക്കി മാറ്റാനും കണ്ണൂര്‍ കോര്‍പ്പറേഷനെ സിറ്റി ഓഫ് ക്രാഫ്റ്റ് ആന്‍ഡ് ഫോക്കായും ഉയര്‍ത്താന്‍ യുനെസ്‌കോയുമായി സഹകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനെ സിറ്റി ഓഫ് പീസ് ആക്കി മാറ്റുവാന്‍ യുഎന്‍എസ്ഡിജിയുമായും കൊല്ലം കോര്‍പ്പറേഷനെ ബയോഡൈവര്‍ സിറ്റിയാക്കി മാറ്റാന്‍ ഐയുസിഎന്നുമായും സഹകരിക്കുമെന്ന് മന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്തെ വൈജ്ഞാനിക സാമ്പത്തിക സമൂഹമാക്കി മാറ്റുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് എല്ലാവരില്‍ നിന്നുമുള്ള പിന്തുണയും ഉണ്ടാവണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. യുനെസ്‌കോയുടെ ആഗോളപഠനനഗര ശൃംഖലയില്‍ ഇടംപിടിച്ച തൃശൂര്‍ കോര്‍പ്പറേഷനെയും നിലമ്പൂര്‍ നഗരസഭയേയും മന്ത്രി അഭിനന്ദിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!