Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ആക്രമിച്ചതായി പരാതി

HIGHLIGHTS : തിരൂരങ്ങാടി: തെയ്യാലങ്ങല്‍ എസ്.എസ്.എംഎച്ച്.എസ് സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി ആക്രമിച്ചതായി പരാതി. പരിക്കേറ്റ വിദ്യാര്‍ത്ഥി തിരൂരങ...

തിരൂരങ്ങാടി: തെയ്യാലങ്ങല്‍ എസ്.എസ്.എംഎച്ച്.എസ് സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി ആക്രമിച്ചതായി പരാതി. പരിക്കേറ്റ വിദ്യാര്‍ത്ഥി തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ തെയ്യാലങ്ങല്‍ തട്ടത്തലം എസ്.എസ്.എം.എച്ച്.എസ് സ്‌കൂളിലെ പ്ലസ് ടു കൊമേഴ്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഒഴൂര്‍ പുല്‍പറമ്പ് സ്വദേശി പരേതനായ പിലാതോട്ടത്തില്‍ സൈനുദ്ധീന്റെ മകന്‍ നുസീബി(17)നെയാണ് അധ്യപകന്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതിയുള്ളത്.

തിങ്കളാഴ്ച്ച സ്‌കൂളില്‍ ഓണാഘോഷത്തിലെ ശിങ്കാരിമേളത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്ലസ് ടുവിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ചൊവ്വാഴ്ച്ചത്തെ ഓണ പരീക്ഷ ബഹിഷ്‌കരിച്ച് സ്‌കൂള്‍ ഗ്രൗണ്ടില്‍ സമരം നടത്തിയിരുന്നു. ഈ വിദ്യാര്‍ത്ഥികളെ താനൂര്‍ പോലീസ് എത്തിയാണ് പിന്തിരിപ്പിച്ചത്.
ഈ സമരത്തിന് നേതൃത്വം നല്‍കിയെന്ന് പറഞ്ഞ് ബുധനാഴ്ച്ച രാവിലെ സ്‌കൂളിലെ അധ്യാപകനായ സിജോണ്‍ നുസീബിന്റെ വീട്ടിലെത്തി സ്‌കൂളിലേക്ക് കൂട്ടികൊണ്ട് പോകുകയായിരുന്നുവെന്നും. സ്‌കൂളിലെത്തിയ ഉടനെ അടച്ചിട്ട റൂമിലേക്ക് കൊണ്ട് പോയി മാരകായുധങ്ങളുമായി സിജോണ്‍ സ്‌കൂളിലെ പ്രിന്‍സിപ്പള്‍ ഷംസുദ്ധീന്‍, മാനേജര്‍ മുഹമ്മദ് റാഫി എന്നിവരുടെ സാനിധ്യത്തില്‍ അക്രമിക്കുകയായിരുന്നുവെന്ന് തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നുസീബ് പറഞ്ഞു.
കൊല്ലുമെന്ന് പറഞ്ഞ് വാപ്പയേയും ഉമ്മയേയും അസഭ്യം പറഞ്ഞതായും കേട്ടാല്‍ അറപ്പ് തോന്നിക്കുന്ന വാക്കുകളാണ് മാഷ് ഉപയോഗിച്ചതെന്നും വീണ്ടും അക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ റൂമില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥി പറയുന്നു.

sameeksha-malabarinews

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ശിങ്കാരിമേളം ഓണാഘോഷത്തിനായി ഏല്‍പ്പിച്ചതെന്നും ചൊവ്വാഴ്ച്ച നടന്ന സമരത്തിന് നുസീബല്ല നേതൃത്വം നല്‍കിയതെന്നും അത് സ്‌കൂളിലെ സി.സി.ടി.വി പരിശോധിച്ചാലറിയാമെന്നും സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിഷയത്തില്‍ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ചൈല്‍ഡ് ലൈനിനും ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ക്കും പോലീസിനും പരാതി നല്‍കിയതായി വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് പറഞ്ഞു.

എന്നാല്‍ അത്തരത്തില്‍ ഒരു സംഭവവും സ്‌കൂളില്‍ നടന്നിട്ടില്ലെന്നും ചൊവ്വാഴ്ച്ച വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാതെ സമരം ചെയ്തിരുന്നതായും പ്രധാനധ്യാപകന്‍ ശംസുദ്ധീന്‍ പറഞ്ഞു. നുസീബിനെ അക്രമിച്ചിട്ടില്ലെന്ന് അധ്യാപകന്‍ ഷിജോണും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!