മുപ്പത് വർഷങ്ങൾക്കപ്പുറത്തെ ഓർമകൾ പുതുക്കി സാക്ഷരത പ്രവർത്തകർ വീണ്ടും റാബിയയെ തേടിയെത്തി

തിരൂരങ്ങാടി : മുപ്പത് വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഓര്‍മകള്‍ പുതുക്കി വീണ്ടും റാബിയയെ തേടി പഴയ കാല സാക്ഷരതാ പ്രവര്‍ത്തകരെത്തി. 1990 ജൂണില്‍ സംസ്ഥാനത്ത് തുടങ്ങിയ സാക്ഷരതാ യജ്ഞം നാടിന്റെ മാത്രമല്ല കെ.വി. റാബിയുടെ കൂടി വിധി മാറ്റി എഴുതി. വീല്‍ചെയറില്‍ എത്തി അക്ഷരങ്ങളെ പരിചയപ്പെടുത്തിയ റാബിയ തിരൂരങ്ങാടിക്ക് മാത്രമല്ല നാടിന് ഒന്നാകെ മാതൃകായി. ഒന്നാം ഘട്ട സാക്ഷരതയില്‍ എഴുത്തും വായനയും സ്വായത്തമാക്കിയ തന്റെ പഠിതാക്കള്‍ക്ക് രണ്ടാം ഘട്ടത്തില്‍ ബോധവല്‍കരണവും തൊഴില്‍ പരിശീലനവും നല്‍കി അവരെ സ്വാശ്രയ ശീലരാക്കാന്‍ റാബിയക്ക് സാധിച്ചു .

അക്കാലത്തുപുതിയ റോഡ്, വൈദ്യുതി, തൊഴില്‍ പരിശീലന കേന്ദ്രം എന്നിവ എല്ലാം റാബിയയുടെ നേതൃത്വത്തില്‍ ആണ് ഗ്രാമത്തില്‍ എത്തിയത്. ഒന്നര കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന് സര്‍ക്കാര്‍ നല്‍കിയ പേര് അക്ഷര റോഡ് എന്നായിരുന്നു. ജില്ലാ കലക്ടര്‍ കുരുവിള ജോണിന്റെ ഇടപെടലുകളും സാക്ഷരത പ്രവര്‍ത്തകരുടെ പരിശ്രമവും നാട്ടുക്കാരുടെ സഹകരണവുമാണ് ഇത്തരം വികസനങ്ങള്‍ക്ക് വഴിയൊരുക്കിയത്. താനൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവന്ന സാക്ഷരത പ്രൊജക്ട് ഓഫീസിന്റെ പരിധിയില്‍ ആയിരുന്ന തിരൂരങ്ങടി പഞ്ചായത്തിലെ വെള്ളിലക്കാട് പ്രദേശത്തെ റാബിയയുടെ മാതൃക സാക്ഷരത ക്ലാസ്സ്, പലതവണ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ച സാക്ഷരത പ്രവര്‍ത്തകര്‍, 30 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഓര്‍മകള്‍ പുതുക്കി റാബിയയുമായി സന്തോഷം പങ്കിട്ടു.

സാക്ഷരത മുന്‍ പ്രൊജക്റ്റ് ഓഫീസര്‍ പ്രൊഫ .സി .പി .മുഹമ്മദ് കുട്ടി ,ഹെഡ് കോര്‍ട്ടര്‍ ജോയന്റ് പ്രൊജക്റ്റ് ഓഫീസര്‍ ഉബൈദുല്ല താനാളൂര്‍ ,അസ്സിസ്റ്റന്റ് ഓഫീസര്‍മാരായ സി. പി ഇബ്രാഹിം താനൂര്‍, ഇ .ഒ .അബ്ദുല്‍ ഹമീദ്, കെ പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, അനില്‍ കുമാര്‍ വള്ളിക്കുന്ന് എന്നിവരാണ് റാബിയയെ ആദരിക്കാനെത്തിയത്.

 

Share news
error: Content is protected !!
Scroll to Top