മലപ്പുറം ജില്ലയില്‍ മുപ്പത്തി മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തോട് വീണ്ടെടുക്കുന്നു

മലപ്പുറം: ജലസംരക്ഷണത്തിനും ശുചിത്വത്തിനും പ്രഥമ പരിഗണന നല്‍കി അരിമ്പ്ര മലയില്‍ നിന്ന് ഉത്ഭവിക്കുന്ന വലിയ തോട് നവീകരിക്കുന്നു. അരിമ്പ്ര മലയില്‍ നിന്ന് തുടങ്ങി മുപ്പത്തി മൂന്നര കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന തോടിന്റെ നവീകരണത്തിന് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ നഗരസഞ്ചയിക ഫണ്ടില്‍ നിന്ന് 14.90 കോടി രൂപ അനുവദിച്ചു. തോട് പൂര്‍ണമായും നവീകരിക്കുന്നതിന് 59 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബാക്കി തുക ത്രിതല പഞ്ചായത്തുകള്‍, എം എല്‍.എ ഫണ്ട്, തൊഴിലുറപ്പ് പദ്ധതി എന്നിങ്ങനെ കണ്ടെത്താനാണ് തീരുമാനം. ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലുള്ള പദ്ധതിയ്ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കുന്നതോടെ അടുത്ത വേനലില്‍ ആദ്യഘട്ട പ്രവൃത്തി തുടങ്ങുമെന്ന് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുള്‍ കലാം മാസ്റ്റര്‍ പറഞ്ഞു.

ചെറുകിട ജലസേചന വകുപ്പിനാണ് പദ്ധതി നിര്‍വഹണ ചുമതല. ത്രിതല പഞ്ചായത്തുകളുടെയും ശുചിത്വ മിഷന്റെയും പിന്തുണയുമുണ്ടാകും. മൂന്ന് ഘട്ടത്തിലാണ് പ്രവൃത്തി പൂര്‍ത്തിയാക്കുക. ആദ്യഘട്ടത്തില്‍ തോട് ആഴവും വീതിയും കൂട്ടി ശുചീകരിക്കും. തോടരികില്‍ ജലനിധി കിണറുകളുള്ളിടത്ത് തടയണകള്‍ സ്ഥാപിക്കും. വിസിബികള്‍ നവീകരിക്കും. തകര്‍ന്ന അരികുകള്‍ ഭിത്തികള്‍ കെട്ടി സംരക്ഷിക്കും. കുളിക്കടവുകള്‍ നിലനിര്‍ത്തും. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയര്‍ ഭൂവസ്ത്രം ധരിക്കാനും തീരുമാനമുണ്ട്. സൗന്ദര്യ വത്കരണവും പ്രഭാത സവാരിക്കായുള്ള സൗകര്യവും പരിഗണിക്കുന്നുണ്ട്. കൃഷിയിടങ്ങളിലേക്ക് വളവും മറ്റും എത്തിക്കുന്നതിനും സൗകര്യമൊരുക്കും. തോട്ടിലേക്കുള്ള മാലിന്യമൊഴുക്ക് തടയുന്നതിനായി കൊണ്ടോട്ടി നഗരത്തില്‍ ഉള്‍പ്പെടെ ശാസ്ത്രീയ സംസ്‌കരണ സംവിധാനങ്ങള്‍ നടപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്താണ് ആയിരത്തിലധികമാളുകള്‍ക്ക് ഉപകാരപ്രദമാകുന്ന തോട് നവീകരത്തിനായുള്ള പ്രൊപ്പോസല്‍ തയ്യാറാക്കി സമര്‍പ്പിച്ചത്. കൊണ്ടോട്ടി, വേങ്ങര, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലൂടെ കടന്നുപോകുന്ന തോട് പാറക്കടവില്‍ കടലുണ്ടിപ്പുഴയിലാണ് ചേരുന്നത്. കൊണ്ടോട്ടി നഗരസഭ, മൊറയൂര്‍, പുളിക്കല്‍, പള്ളിക്കല്‍, പെരുവള്ളൂര്‍, തേഞ്ഞിപ്പലം, മൂന്നിയൂര്‍, എ.ആര്‍ നഗര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലൂടെ തോട് കടന്നുപോകുന്നുണ്ട്. കൊണ്ടോട്ടിയില്‍ വലിയ തോട് എന്ന് അറിയപ്പെടുന്ന ഈ തോട് പുളിക്കലില്‍ വെള്ളാര് തോട് എന്നും പെരുവള്ളൂര്‍, പള്ളിക്കല്‍ പ്രദേശങ്ങളില്‍ പുത്തൂര്‍ തോട് എന്നും അറിയപ്പെടുന്നു. തേഞ്ഞിപ്പലത്ത് ഇത് കൊയപ്പ ത്തോടും മൂന്നിയൂരില്‍ കിഴക്കന്‍ തോടുമാണ്.

Share news
error: Content is protected !!
Scroll to Top