Edit Content

Section

Edit Content

 പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

HIGHLIGHTS : Things candidates should keep in mind during campaign activities

തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചാരണങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ശ്രദ്ധ പുലര്‍ത്തണം. ഭിന്നതകളും തര്‍ക്കങ്ങളും ഉണ്ടാക്കുന്നതോ, പരസ്പരം വെറുപ്പ് സൃഷ്ടിക്കുന്നതോ, വിവിധ ജാതിക്കാര്‍, സമുദായങ്ങള്‍, മതക്കാര്‍, ഭാഷാവിഭാഗങ്ങള്‍ എന്നിവര്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഏര്‍പ്പെടാന്‍ പാടില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവോ, 10,000/ രൂപ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്.

• മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും വിമര്‍ശിക്കുമ്പോള്‍, അത് അവരുടെ നയങ്ങള്‍, പരിപാടികള്‍, പൂര്‍വകാലചരിത്രം, പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഒതുങ്ങി നില്‍ക്കണം.
• നേതാക്കളുടെയോ സ്ഥാനാര്‍ത്ഥികളുടെയോ പൊതുപ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കാന്‍ പാടില്ല.
• അടിസ്ഥാനരഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങളുടെയോ വസ്തുതകളുടെയോ അടിസ്ഥാനത്തില്‍ മറ്റ് കക്ഷികളെയും പ്രവര്‍ത്തകരെയും വിമര്‍ശിക്കരുത്.

• ജാതിയെയോ സാമുദായിക വികാരങ്ങളെയോ മുന്‍നിര്‍ത്തി വോട്ടഭ്യര്‍ത്ഥിക്കാന്‍ പാടില്ല.

• ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയായി ഉപയോഗിക്കരുത്.

• ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ, സമ്മതിദായകനോ അവര്‍ക്ക് താത്പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹികബഹിഷ്‌കരണം, സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ ഉയര്‍ത്താന്‍ പാടില്ല.

• വോട്ടര്‍മാര്‍ക്ക് പണമോ മറ്റു പാരിതോഷികങ്ങളോ നല്‍കുക, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുക എന്നിവ കുറ്റകരമാണ്.

• വ്യക്തിയുടെ രാഷ്ടീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റു രാഷ്ട്രീയകക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എത്ര തന്നെ എതിര്‍പ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കേണ്ടതാണ്.

• വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുക, പിക്കറ്റു ചെയ്യുക തുടങ്ങിയ രീതികള്‍ ഒരു കാരണവശാലും അവലംബിക്കരുത്.

• സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ ഉടമസ്ഥന്റെ അനുവാദം കൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ, മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കരുത്.

• സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും, മറ്റു പൊതു ഇടങ്ങളിലും ചുവര്‍ എഴുതാനോ, പോസ്റ്റര്‍ ഒട്ടിക്കാനോ, ബാനര്‍, കട്ടൗട്ട് എന്നിവ സ്ഥാപിക്കാനോ പാടില്ല.

• പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളവ നീക്കം ചെയ്യാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നോട്ടീസ് ലഭിച്ചിട്ടും നീക്കം ചെയ്തില്ലെങ്കില്‍ അവ നീക്കം ചെയ്യുകയും അതിനുള്ള ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ചേര്‍ക്കുകയും ചെയ്യണം

• ബന്ധപ്പെട്ട നിയമവ്യവസ്ഥകളും കോടതി ഉത്തരവുകളും പാലിച്ചായിരിക്കണം പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കേണ്ടത്.

• വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാന്‍ പാടില്ല.

• പ്രചാരണത്തിന് ഉപയോഗിക്കുന്ന ഉച്ചഭാഷിണി, വാഹനം എന്നിവയ്ക്ക് ആവശ്യമായ അനുമതി ബന്ധപ്പെട്ട അധികാരികളില്‍ നിന്നും വാങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!