HIGHLIGHTS : There should be investment in tourism initiatives that protect the state's cultural heritage and environment: Chief Minister
സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകവും പരിസ്ഥിതിയും സംരക്ഷിക്കുന്ന സുസ്ഥിര ടൂറിസം സംരംഭങ്ങളില്‍ നിക്ഷേപം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടൂറിസം വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സൗഹൃദ വാസയിടങ്ങള്‍ ഒരുക്കാനും പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കുന്ന ടൂറിസം പദ്ധതികള്‍ ഉണ്ടാകുന്നതിനും ഉത്തരവാദിത്തമുള്ള യാത്രാ ശീലങ്ങള്‍ വികസിക്കുന്നതിനും ഇത് സഹായിക്കും. ഉത്തരവാദിത്തമുള്ളതും സ്ഥായിയായതുമായ ടൂറിസം നിക്ഷേപങ്ങളെ സംസ്ഥാനം സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇപ്പോള്‍ നിക്ഷേപ അനുകൂല സാഹചര്യമാണുള്ളത്. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഏകജാലക ക്‌ളിയറന്‍സ് സംവിധാനം നിലവിലുണ്ട്. പരിശീലനം സിദ്ധിച്ച തൊഴിലാളികളാണ് പ്രത്യേകത. അടിസ്ഥാന, ഡിജിറ്റല്‍ സൗകര്യം രാജ്യത്തെ തന്നെ ഏറ്റവും മികച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപ സബ്‌സിഡികളും ഇന്‍സെന്റീവുകളും സംസ്ഥാനം നല്‍കുന്നുണ്ട്. പൊതു സ്വകാര്യ പങ്കാളിത്തത്തിലുള്ള സംരംഭങ്ങളെ കേരളം പ്രൊത്സാഹിപ്പിക്കുന്നു. കേരളത്തില്‍ നിക്ഷേപം നടത്തുന്നതിലൂടെയുള്ള നേട്ടങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു.

വികസിത മദ്ധ്യവരുമാന രാജ്യങ്ങളുടേതിന് സമാനമായ ഒരു സമൂഹമുള്ള നവകേരളമായി സംസ്ഥാനത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. വിവിധ മേഖലകളില്‍ കേരളം മുന്നേറുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ ഹബായി സംസ്ഥാനം ഉയര്‍ന്നു വരുന്നു. സ്വകാര്യ രംഗത്തുള്‍പ്പെടെയുള്ള വ്യവസായ പാര്‍ക്കുകള്‍ വിവിധയിടങ്ങളില്‍ യാഥാര്‍ത്ഥ്യമാകുന്നു. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, ഡിജിറ്റല്‍ സര്‍വകലാശാല, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ കേരളത്തില്‍ വന്നു കഴിഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ്പ് ഇക്കൊ സിസ്റ്റം കേരളത്തിലാണ്. നാല് ഇന്റര്‍നാഷണല്‍ വിമാനത്താവളങ്ങളുള്ള സംസ്ഥാനവും കേരളമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളും കേരളത്തിലാണുള്ളത്.
പ്രളയം, കോവിഡ്, നിപ തുടങ്ങി നിരവധി വെല്ലുവിളികളെ നേരിട്ടാണ് കേരളത്തിന്റെ ടൂറിസം മേഖല തിരിച്ചുവരവ് നടത്തിയത്. 2022ല്‍ 1.88 കോടി ആഭ്യന്തര വിനോദ സഞ്ചാരികളാണ് കേരളത്തില്‍ വന്നത്. ഇത് സര്‍വകാല റെക്കോഡാണ്. 2023ന്റെ ആദ്യ പകുതിയില്‍ കേരളത്തിലെത്തിയ അന്തര്‍ദ്ദേശീയ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 171.55 ശതമാനം വളര്‍ച്ചയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഉന്നത ഉദ്യോഗസ്ഥര്‍, പ്രമുഖ വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു