നാടിനെ പിന്നോട്ടടിപ്പിക്കാനും തമ്മിലടിപ്പിക്കാനും ആസൂത്രിതമായി ശ്രമിക്കുന്ന ശക്തികള്‍ നാട്ടിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്ര ചിന്തയും സഹജാവബോധവും പൗരബോധവും വളര്‍ത്തപ്പെടുന്നതും ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടുന്നതുമായ ഇടമായാണു നവകേരളത്തെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നും ആ നവകേരളം യാഥാര്‍ഥ്യമാക്കുന്നതില്‍ വരുംതലമുറയ്ക്കു സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പദ്ധതിയുടെ 14-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രീയവും ക്രിയാത്മകവും ഭാവനാത്മകവുമായി ചിന്തിക്കുന്ന തലമുറയായി വളരാന്‍ കഴിയണമെന്നു സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളോടു മുഖ്യമന്ത്രി പറഞ്ഞു. ‘നാം നേരിടുന്ന വെല്ലുവിളികളെ നാം തിരികെ വെല്ലുവിളിക്കുക’ എന്ന പ്രമേയത്തിലൂന്നിയാണു പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍, മൊബൈല്‍ അഡിക്ഷനും ദുരുപയോഗവും, ലഹരി ആസക്തി തുടങ്ങിയവയെ ചെറുത്തുതോല്‍പ്പിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഇതുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നാടിന്റെ പുരോഗമനപരമായ മുന്നേറ്റത്തിന്റെ ചുവടുവയ്പ്പായി കാണണം. സാഹോദര്യവും ജനാധിപത്യബോധവും മതേതര കാഴ്ചപ്പാടും ഉയര്‍ന്നു നിലനില്‍ക്കുന്നതാണു കേരള സമൂഹത്തിന്റെ പ്രധാന പ്രത്യേകത. ഇവയെ നിയമാവബോധവുമായി കൂട്ടിയിണക്കി കുട്ടികളിലേക്കു പകര്‍ന്നുനല്‍കുകയെന്നതാണു സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. അതു സഫലമായി എന്നതാണു പദ്ധതിയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ സുരക്ഷാ മേഖലകളില്‍ കേരളം നടപ്പാക്കുന്ന പദ്ധതികളെപ്പോലെ, രാജ്യത്തിനാകെ മാതൃകയായി മറ്റു സംസ്ഥാനങ്ങള്‍ അംഗീകരിക്കുന്ന ഒരു പദ്ധതിയായി സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പദ്ധതി മാറിയിരിക്കുന്നു.
2010ല്‍ ആരംഭിച്ച പദ്ധതിക്കു കീഴില്‍ ഇപ്പോള്‍ സംസ്ഥാനത്തെ 998 സ്‌കൂളുകളിലായി ഒരു ലക്ഷത്തോളം കേഡറ്റുകളും രണ്ടായിരത്തിലധികം അധ്യാപകരും മൂവായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരും രണ്ടു ലക്ഷത്തോളം പൂര്‍വ കേഡറ്റുകളുമുണ്ട്. ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ മോട്ടോര്‍ വാഹനം, തദ്ദേശ സ്വയംഭരണം, വനം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, കായിക യുവജനക്ഷേമ വകുപ്പുകള്‍ സഹകരിക്കുന്നുണ്ട്. കേരളത്തില്‍ വിജയകരമായി നടപ്പാക്കപ്പെട്ട പദ്ധതിയില്‍ മറ്റു സംസ്ഥാനങ്ങള്‍ വലിയ താത്പര്യം കാണിക്കുന്നു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുന്നതിനു വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ ഇവിടേക്കു വരികയും ചെയ്യുന്നുണ്ട്.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സജീവ ഇടപെടല്‍ നടത്താന്‍ ഇതിനോടകം എസ്.പി.സിക്കു കഴിഞ്ഞിട്ടുണ്ട്. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി നിയമാവബോധം പകര്‍ന്നുനല്‍കാനുള്ള അംബാസിഡര്‍മാരായി തെരഞ്ഞെടുത്തത് എസ്.പി.സി. അംഗങ്ങളെയാണ്. ചുരുങ്ങിയ കാലംകൊണ്ട് വിദ്യാര്‍ഥികളിലും സ്‌കൂള്‍ അധികൃതരിലും അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരിലെല്ലാം വലിയ സ്വാധീനം ചെലുത്താന്‍ ഇവര്‍ക്കു കഴിഞ്ഞു. കോവിഡ് മഹാമാരിയെത്തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാലത്ത് എസ്.പി.സി മുഖേന ആരംഭിച്ച ‘ഒരു വയറൂട്ടാം’ എന്ന പദ്ധതി ഇവരുടെ സമൂഹ്യ ഇടപെടലുകളുടെ മികച്ച ഉദാഹരണമാണ്. 10 ലക്ഷത്തിലധികം ഭക്ഷണപ്പൊതികള്‍ ഈ ഘട്ടത്തില്‍ വിതരണം ചെയ്തു. വിവിധ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനു 15 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയും എസ്.പി.സി. സംഭാവനചെയ്തു. കോവിഡിനെ ചെറുക്കാന്‍ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ലക്ഷ്യമാക്കി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത 60,000ലധികം വിഡിയോകള്‍ ഏറെ ഉപകാരപ്രദമായി.
കോവിഡിനു ശേഷവും സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടു നയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എസ്.പി.സി. ഏറ്റെടുത്തു. 53,460 വീടുകളില്‍ വായനാമൂലകള്‍ സ്ഥാപിച്ചതും ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ചു ട്രൈബല്‍ ലൈബ്രറികള്‍ സ്ഥാപിച്ചതും അതിന്റെ ഭാഗമാണ്. പരിസ്ഥിതി സൗഹൃദ സന്ദേശം പൊതുജനങ്ങളിലെത്തിക്കുന്നതിനും ആത്മവിശ്വാസമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനുമായി തയാറാക്കിയ ‘എസ്.പി.സി. സൈക്കിള്‍ ബ്രിഗേഡ്’ പദ്ധതിയും 10 ലക്ഷത്തോളം മരങ്ങളും അഞ്ചു ലക്ഷത്തോളം ഫലവൃക്ഷത്തൈകളും വച്ചുപിടിപ്പിച്ച ‘ഹരിതഭൂമി’ പദ്ധതിയും മികച്ച ദൃഷ്ടാന്തങ്ങളാണ്. 2020 മുതല്‍ 2022 വരെ നടന്ന വിവിധ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ വീടുകള്‍ സന്ദര്‍ശിച്ച്, വോട്ടു ചെയ്യാനും ജനാധിപത്യത്തിന്റെ കാവലാളാകാനും ബോധവത്കരിച്ച ‘വോട്ടറിവ്’ എന്ന പദ്ധതി ഏറെ പ്രയോജനകരമായിരുന്നു. ആദിവാസി, പിന്നാക്ക, കടലോര മേഖലകളില്‍ വോട്ടിങ് ശതമാനം ഗണ്യമായി ഉയരുകയും എസ്.പി.സിയുടെ പ്രവര്‍ത്തനങ്ങളെ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിഷന്‍ അഭിനന്ദിക്കുകയും ചെയ്തു. ‘ജീവിതമാണു ലഹരി’യെന്ന സന്ദേശം ഉയര്‍ത്തി ‘എസ്.പി.സി. എഗേന്‍സ്റ്റ് അഡിക്ഷന്‍’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതി സമൂഹത്തില്‍ മികച്ച സ്വാധീനം ചെലുത്തുന്നു. ‘ബീ സേഫ്’ ക്യാംപെയിന്‍ പ്രകാരം സംസ്ഥാനത്താകമാനം 20,000ലധികം രക്ഷകര്‍ത്താക്കള്‍ക്കു ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ചു ക്ലാസുകള്‍ നല്‍കാനായി. കുട്ടികള്‍ക്കുണ്ടാകുന്ന ഏകാന്തതയും വിരസതയും മാറ്റുന്നതിനും സഹപാഠികള്‍ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനു പ്രത്യേക പദ്ധതിയും നടപ്പാക്കാന്‍ കഴിഞ്ഞു.
‘ജീവധാര’ പദ്ധതിയനുസരിച്ചു സമ്മതപത്രം നല്‍കിയ 3,50,000 വ്യക്തികളില്‍നിന്നു തെരഞ്ഞടുത്തവരെ രക്തദാന കേന്ദ്രങ്ങളിലെത്തിച്ചു രക്തദാനം നടത്താനും എസ്.പി.സി. മുന്‍കൈയെടുക്കുന്നു. കുട്ടികളുടേയും രക്ഷകര്‍ത്താക്കളുടേയും മാനസിക പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ‘ചിരി’ പദ്ധതി, കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യംവച്ചുള്ള ‘പടവുകള്‍’, വെര്‍ച്വല്‍ ക്ലാസ് പദ്ധതികള്‍ തുടങ്ങിയവ ശ്രദ്ധേയമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും എസ്.പി.സി. രാജ്യത്തിനു മാതൃകയാണ്. ‘സ്‌നേഹവീട്’ പദ്ധതി പ്രകാരം കേഡറ്റുകളുടെ നേതൃത്വത്തില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നു. കാഴ്ചപരിമിതിയുള്ളവര്‍ക്കു മാത്രമായി എസ്.പി.സിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘ശ്രുതിമധുരം’ ഓണ്‍ലൈന്‍ റേഡിയോ പരിപാടി ഏറെ സ്വീകാര്യത നേടിക്കഴിഞ്ഞു. ശാരീരിക അവശതയനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കു വീല്‍ചെയറുകള്‍ വിതരണം ചെയ്യാനും എസ്.പി.സി. തയാറാകുന്നുണ്ട്. വന, തീരദേശ മേഖലകളിലെ വിദ്യാര്‍ഥികളുടെ പഠന പുരോഗതി ലക്ഷ്യമിട്ട് വിവിധ പ്രവര്‍ത്തനങ്ങളാണ് എസ്.പി.സി. ഏറ്റെടുത്തു നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ പഠന സമ്പ്രദായത്തിനു കരുത്തേകാന്‍ ആറായിരത്തിലധികം ടെലിവിഷനുകളും 700 ഓളും സ്മാര്‍ട്ട് ഫോണുകളും അഞ്ഞൂറിലധികം കേബിള്‍ കണക്ഷനുകളും ലഭ്യമാക്കാന്‍ എസ്.പി.സി. അംഗങ്ങള്‍ കൈമെയ് മറന്നു പ്രവര്‍ത്തിച്ചു. ഇത്രയൊക്കെ കാര്യക്ഷമമായി ഇടപെടുന്ന പ്രസ്ഥാനത്തെ കൂടുതല്‍ കരുത്തോടെ മുന്നോട്ടു നയിക്കേണ്ടത് കേരള സമൂഹത്തിന്റെ ആകെ ആവശ്യമാണ്. ഈ ബജറ്റില്‍ എസ്.പി.സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ 14-ാം വാര്‍ഷികത്തിന്റെ ഭാഗമായി സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ക്കൊപ്പം മുഖ്യമന്ത്രി കേക്ക് മുറിച്ചു. പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രമേയം ‘ചലഞ്ച് ദ ചലഞ്ചസ് ടുവേഡ്‌സ് എ ബെറ്റര്‍ വേള്‍ഡ്’-ന്റെ തീം വിഡിയോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേഡറ്റുകള്‍ തീം വേദിയില്‍ അവതരിപ്പിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എസ്.പി.സി. സ്റ്റേറ്റ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. തിരുവനന്തപുരം വിമന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക് ദര്‍വേഷ് സാഹെബ്, എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍, ദക്ഷിണ മേഖലാ ഐജി സ്പര്‍ജന്‍ കുമാര്‍, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു ചക്കിലം, ഡിഐജി ആര്‍. നിശാന്തിനി തുടങ്ങിയവര്‍ പങ്കെടുത്തു.




