തേഞ്ഞിപ്പലത്ത് ബസില്‍ പോക്കറ്റടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

തേഞ്ഞിപ്പലം: ബസില്‍ വെച്ച് പോക്കറ്റടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിലായി. വയനാട് പുല്‍പ്പള്ളി സ്വദേശി വാക്കയില്‍ വീട്ടില്‍ ബിനോയാണ് പിടിയിലായത്. ഇടിമുഴിക്കലില്‍ വെച്ച് യാത്രക്കാരന്റെ പോക്കറ്റില്‍ നിന്നും പണം മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാരാണ് പിടികൂടി പൊലിസില്‍ ഏല്‍പിച്ചത്.

കോഴിക്കോട് വേങ്ങര റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ നിന്നും യാത്രക്കാരനായ അഹമ്മദ് എന്നയാളുടെ പോക്കറ്റില്‍ കൈയിട്ട് പണം അപഹരിക്കാന്‍ ശ്രമം നടത്തുന്നതിനിടെ പോക്കറ്റില്‍ മറ്റൊരാള്‍ കൈയിട്ട് പരതുന്നതറിഞ്ഞ അഹമ്മദ് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും സഹയാത്രികര്‍ ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴടക്കി . തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് തേഞ്ഞിപ്പലം അഡി.എസ്.ഐ സുബ്രമണ്യന്റെ നേതൃത്വത്തിലെത്തിയ പൊലിസ് സംഭവസ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി. സമാന കേസില്‍ അടുത്തിടെയാണ് ഇയാള്‍ ജയിലില്‍ നിന്നും ഇറങ്ങിയതെന്നും തേഞ്ഞിപ്പലം, കോഴിക്കോട് കസബ, കുന്ദമംഗലം തുടങ്ങിയ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ഇത്തരത്തിലുള്ള നിരവധി കേസുകളുണ്ടെന്നും പൊലിസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top