പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു; ആശുപത്രിയില്‍ ബന്ധുക്കളുടെ പ്രതിഷേധം; ചികിത്സാപ്പിഴവെന്ന് ആരോപണം

പ്രതീകാത്മക ചിത്രംപാലക്കാട്: പ്രസവത്തിനിടെ യുവതിയും നവജാതശിശുവും മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തിന് പിന്നാലെ യുവതി മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് പ്രസവത്തിനിടെ മരണപ്പെട്ടത്. ഐശ്വര്യ ജന്മം നല്‍കിയ നവജാത ശിശു ഇന്നലെ മരണപ്പെട്ടിരുന്നു. കുഞ്ഞിന്റേയും അമ്മയുടേയും മരണത്തിന് കാരണം ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അശ്രദ്ധയും അനാസ്ഥയും ആണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുകയാണ്.

ഐശ്വര്യയെ നേരത്തെ പരിശോധിച്ച ഡോക്ടറല്ല പ്രസവത്തിനായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പരിശോധിച്ചതെന്ന ബന്ധുക്കള്‍ ആരോപിക്കുന്നു. പ്രസവം വൈകിയതിനാല്‍ ശസ്ത്രക്രിയ വേണമെന്ന് ബന്ധുക്കളാവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ലെന്നും പുലര്‍ച്ചെ രണ്ടരയോടെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ബന്ധുക്കളുടെ പരാതികള്‍ കൃത്യമായി പരിശോധിക്കുമെന്നും അതിനു ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. തങ്കം ആശുപത്രിയില്‍ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഐശ്വര്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഇവിടെ വച്ചാവും പോസ്റ്റ്‌മോര്‍ട്ടം നടത്തുക. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തങ്കം ആശുപത്രിയില്‍ ബന്ധുക്കള്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. സംഘര്‍ഷസാധ്യത വന്‍ പൊലീസ് സന്നാഹമാണ് ആശുപത്രിയില്‍ ക്യാംപ് ചെയ്യുന്നത്.

ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സഹകരിക്കണമെന്നും ആശുപത്രിയില്‍ നിന്നും പിരിഞ്ഞു പോകണമെന്നും പോലിസ് ഐശ്വര്യയുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഡോക്ടറെ അറസ്റ്റ് ചെയ്യണം എന്ന കര്‍ശന നിലപാടിലാണ് ബന്ധുക്കള്‍.

Share news
error: Content is protected !!
Scroll to Top