Section

malabari-logo-mobile

വയനാട്ടിലേക്കുള്ള തുരങ്കപാത സമയോചിതമായി പൂര്‍ത്തിയാക്കും- മുഖ്യമന്ത്രി പിണറായി വിജയന്‍

HIGHLIGHTS : The tunnel to Wayanad will be completed on time - Chief Minister Pinarayi Vijayan

കോഴിക്കോട്: വയനാട്ടിലേക്കുള്ള ആനക്കാംപൊയില്‍ -കള്ളാടി -മേപ്പാടി ഇരട്ട തുരങ്കപാത സമയോചിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവമ്പാടി നിയോജകമണ്ഡലം നവ കേരള സദസ്സ് മുക്കം ഓര്‍ഫനേജ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വയനാട്ടിലേക്കുള്ള തുരങ്കപാത സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനെ എതിര്‍ക്കാനാണ് പലരും തയ്യാറായത്. എന്നാല്‍ സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചില്ല. പദ്ധതി നടപ്പാക്കുന്നതിന് വിശദമായ രൂപരേഖ തയ്യാറാക്കാന്‍ കൊങ്കണ്‍ റെയില്‍വേയെ ഏല്‍പ്പിച്ചിരിക്കുകയാണ്. വിവിധ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കുമുള്ള അനുമതികള്‍ക്കായി നടപടികള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

കേന്ദ്രം കുടിശിക നല്‍കാത്തത് സംസ്ഥാനത്തിന് വളരെയധികം പ്രതിസന്ധി സൃഷ്ടിച്ചു. സംസ്ഥാനത്തിന് പലവിധത്തില്‍ ഉണ്ടായ നഷ്ടംപോലും പരിഹരിക്കപ്പെട്ടിട്ടില്ല. ഇത്തരം വിഷമ ഘട്ടത്തിലും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ് നിന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ പ്രശ്‌നങ്ങളെ ജനസമക്ഷം അവതരിപ്പിക്കാന്‍ വേണ്ടിയാണ് നവ കേരളസദസ്സ് സംഘടിപ്പിക്കുന്നത്. പിന്തുണ നല്‍കുന്നതിന് പകരം പുറകോട്ടടിക്കുന്ന നിലപാടാണ് പലരും സ്വീകരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുസാറ്റിലെ ആഘോഷ പരിപാടിക്കിടെ അവിചാരിതമായാണ് ദുരന്തം ഉണ്ടായത്. മൂന്നു വിദ്യാര്‍ഥികളും മറ്റൊരാളും മരണപ്പെട്ടു. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും നാട്ടുകാരുടെയും ദുഃഖത്തിനൊപ്പം മുഖ്യമന്ത്രിയും മന്ത്രിസഭയും പങ്കുചേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ദുരന്തമുണ്ടായ ഉടനെ ജില്ലാ ഭരണകൂടവും എല്ലാ ജനവിഭാഗങ്ങളും ഓടിയെത്തി. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു എന്നിവര്‍ കാര്യങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് അവിടെത്തന്നെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ദുരന്തങ്ങള്‍ ഏതുഘട്ടത്തിലും സംഭവിക്കാം. എല്ലാവരും ജാഗ്രത പാലിക്കണം.പരിപാടികളില്‍ പാലിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. കാലോചിതമായി ഇത്തരം മാര്‍ഗ നിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ എന്തെല്ലാം തരത്തിലുള്ള ഇടപെടലുകള്‍ ആവശ്യമുണ്ടോ അതെല്ലാം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കളമശ്ശേരി സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച പരിപാടിയില്‍ ലിന്റോ ജോസഫ് എം എല്‍ എ അധ്യക്ഷയായിരുന്നു. മന്ത്രിമാരായ ജെ ചിഞ്ചു റാണി, സജി ചെറിയാന്‍, റോഷി ആഗസ്റ്റിന്‍, തുടങ്ങിയവര്‍ സംസാരിച്ചു. തിരുവമ്പാടി മണ്ഡലം നവ കേരള സദസ്സ് നോഡല്‍ ഓഫീസര്‍ വിനയരാജ് സ്വാഗതവും സംഘാടകസമിതി വൈസ് ചെയര്‍മാന്‍ ടി വിശ്വനാഥന്‍ നന്ദിയും പറഞ്ഞു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!