Section

malabari-logo-mobile

പ്രവാസിയുടെ യാത്ര തടഞ്ഞു; ഗള്‍ഫ് എയര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

HIGHLIGHTS : The travel of the expatriate was stopped; Consumer commission asks Gulf Air to pay Rs 5 lakh compensation

യാത്രാ രേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി പ്രവാസിയുടെ വിമാന യാത്ര മുടക്കിയതിന് ഗള്‍ഫ് എയര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടന്‍ അബ്ദുസലാം നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരന്‍ 20 വര്‍ഷമായി വിദേശത്ത് ഡ്രൈവര്‍ ജോലി ചെയ്തു വരുന്നയാളാണ്. പരാതിക്കാരന്റെ പാസ്‌പോര്‍ട്ടിലെ ചില വിവരങ്ങളില്‍ പിഴവുണ്ടായിരുന്നു. ഇത് നിയമാനുസൃതം തിരുത്തിയ ശേഷം പുതിയ പാസ്‌പോര്‍ട്ടും പഴയ പാസ്‌പോര്‍ട്ടുമായാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. വിസയിലും പാസ്‌പോര്‍ട്ടിലും വിവരങ്ങള്‍ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി വിമാന കമ്പനി യാത്ര നിഷേധിക്കുകയായിരുന്നു.

റദ്ദാക്കപ്പെട്ടത് പഴയ പാസ്‌പോര്‍ട്ട് മാത്രമാണെന്നും വിസ റദ്ദാക്കിയിട്ടില്ലെന്നും ഇത് പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോധ്യപ്പെടുത്തിയെങ്കിലും അംഗീകരിക്കാന്‍ ഗള്‍ഫ് എയര്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല. സൗദി അറേബ്യയിലെ ബന്ധപ്പെട്ടവരെ അറിയിച്ചുവെന്നും അവരും യാത്രാ രേഖകള്‍ ശരിയല്ലെങ്കില്‍ അനുമതി നല്‍കരുതെന്നാണ് അറിയിച്ചതെന്നുമാണ് ഗള്‍ഫ് എയര്‍ ഉപഭോക്തൃ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചത്. എന്നാല്‍ പരാതിക്കാരന്റെ രേഖകള്‍ ശരിയാം വിധം പരിശോധിച്ച് വ്യക്തത വരുത്താതെയാണ് ഗള്‍ഫ് എയര്‍ കമ്പനി യാത്ര തടഞ്ഞതെന്നും ആയത് സേവനത്തിലെ വീഴ്ചയാണെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. വിസ നല്‍കിയിട്ടുള്ളത് പാസ്‌പോര്‍ട്ടിനല്ല, പാസ്‌പോര്‍ട്ട് ഉടമയ്ക്കാണെന്നും രണ്ട് പാസ്‌പോര്‍ട്ടും ഒരാളുടേത് തന്നെയാണെന്നും വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.

sameeksha-malabarinews

യാത്രാ തിയ്യതിയുടെ പിറ്റേ ദിവസം ജോലിക്ക് ഹാജരാകേണ്ടിയിരുന്നതിനാല്‍ ജോലി നഷ്ടപ്പെട്ടുവെന്നും ദീര്‍ഘകാലം തുടര്‍ച്ചയായി ജോലി ചെയ്തിരുന്നതിനാല്‍ ലഭിക്കുമായിരുന്ന ആനുകൂല്യങ്ങള്‍ യാത്ര മുടങ്ങിയതു കാരണം നഷ്ടപ്പെട്ടുവെന്നുമുള്ള പരാതിക്കാരന്റെ വാദം പരിഗണിച്ചു കൊണ്ടാണ് കമ്മീഷന്റെ വിധി. വിമാന ടിക്കറ്റിന്റെ തുകയായ 24,000 രൂപയും കോടതി ചെലവായി 20,000 രൂപയും വിമാന കമ്പനി നല്‍കണം. വിധി പകര്‍പ്പ് കിട്ടി ഒരു മാസത്തിനകം സംഖ്യ നല്‍കാത്ത പക്ഷം തുക നല്‍കുന്നതുവരേയും 9 ശതമാനം പലിശയും നല്‍കണമെന്ന് വിധിയില്‍ പറഞ്ഞിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!