ഉന്നതവിദ്യാഭ്യാസ മേഖലയിലെ അധികാരഗോപുരങ്ങള്‍ തകര്‍ക്കണം- മന്ത്രി ആര്‍. ബിന്ദു

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന അദൃശ്യമായ അധികാര ഗോപുരങ്ങള്‍ പൊളിച്ചടുക്കേണ്ടതുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശ്ശൂര്‍ ജോണ്‍ മത്തായി സെന്ററില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ലിംഗ, ജാതി, മത വിവേചനങ്ങളും ചൂഷണങ്ങളും ഇല്ലാതാകണം. യാന്ത്രികമായി ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ പടച്ചുവിടാതെ പ്രാദേശിക ജനതയുടെ ജീവിതത്തില്‍ ക്രിയാത്മകമായി ഇടപെടുമ്പോഴാണ് സര്‍വകലാശാലകളുടെ പ്രസക്തി വര്‍ധിക്കുന്നതെന്നും അതിനായി ‘ സമഭാവനയുടെ സത്കലാശാലകള്‍ ‘ പദ്ധതിക്ക് തുടക്കമായെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കലാപഠനം നടത്തുന്നവര്‍ക്ക് രംഗസംവിധാനത്തിന് പ്രായോഗിക പരിശീലനത്തിനുള്ള സീനോഗ്രാഫി ലാബ് മന്ത്രി ഉദ്ഘാടനം ചെയ്തു. 1200 ചതുരശ്ര അടിയില്‍ ഒരു ഹാളും ഒരു സ്റ്റോറും അടങ്ങുന്ന കെട്ടിടത്തിന് ഒമ്പതര ലക്ഷം രൂപയാണ് ചെലവ്. കാമ്പസിലെ സുരക്ഷാ ജീവനക്കാരുടെ കാബിന്‍ ഉദ്ഘാടനവും പുരുഷ ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു. മൂന്ന് നിലയുള്ള ഹോസ്റ്റലിന്റെ ആദ്യ നിലയുടെ നിര്‍മാണമാണ് ഇപ്പോള്‍ നടത്തുക. 2.10 കോടി രൂപയാണ് ചെലവ്. 27 പേര്‍ക്ക് താമസിക്കാനാകും. 29000 ചതുരശ്ര അടി തറവിസ്തീര്‍ണമുള്ള കെട്ടിടം പൂര്‍ണമായാല്‍ 125 പേര്‍ക്ക് താമസത്തിന് സൗകര്യമാകും.

ഡോ. ജോണ്‍ മത്തായി സെന്ററില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി എഴുനൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ കൂടി വരുന്നത് മുന്നില്‍ കണ്ടാണ് പുതിയ ഹോസ്റ്റല്‍ പണിയുന്നത്. വി.എസ്. സു നില്‍കുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഒന്നര കോടി രൂപ ചെലവില്‍ ഡോ. വയലാ വാസുദേവന്‍ പിള്ള സ്മാരക ഓപ്പണ്‍ തിയേറ്ററിന്റെ നിര്‍മാണവും
സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ബ്ലാക്ക് ബോക്‌സ് നിര്‍മിക്കാനുള്ള അഞ്ച് കോടിയുടെ പദ്ധതിയും കാമ്പസ് നവീകരണത്തിനായുള്ള 10 കോടിയുടെ പദ്ധതിയും പ്രാരംഭ ഘട്ടത്തിലാണ്.

ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. പി. ബാലചന്ദ്രന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, കൗണ്‍സിലര്‍ ലാലി ജയിംസ്, സര്‍വകലാശാലാ എന്‍ജിനീയര്‍ വി.ആര്‍. അനില്‍ കുമാര്‍, പഠനവകുപ്പുകളിലെ അധ്യാപകരായ ഡോ. ശ്രീജിത്ത് രമണന്‍, വി.എന്‍. വിനോദ്, ഡോ. സബീന ഹമീദ്, ഡോ. പി. വസന്ത കുമാരി, ഡോ. സ്മിത, പി.ബി. ബിനി, നജ്മുല്‍ ഷാഹി തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top