തിരൂരങ്ങാടി: ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ ആ പ്രാദേശത്തെ മഹത് വ്യക്തികളുടെ ഓര്‍മകളുമാണ് സംരക്ഷിക്കപ്പെടുന്നതെന്ന് മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
ശാസ്ത്രീയ സംരക്ഷണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ തിരൂരങ്ങാടി ഹജൂര്‍ കച്ചേരി മന്ദിരം നാടിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ദിരത്തിന്റെ ഫലകം അനാച്ഛാദാനം ചെയ്താണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
പൈതൃകസംരക്ഷണം, അതു സംബന്ധമായ പഠന ഗവേഷണങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണനയാണ് നല്‍കിവരുന്നതെന്ന് മന്ത്രി പറഞ്ഞു.അതിന് ഓരോ പ്രദേശത്തെയും ജനങ്ങളുടെ പിന്തുണ കൂടി അനിവാര്യമാണ്. തിരൂരങ്ങാടി ഹജൂര്‍ കച്ചേരി സംരക്ഷിത സ്മാരകമാക്കുക എന്ന തിരൂരങ്ങാടിക്കാരുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. ചരിത്രപരവും നിര്‍മ്മാണപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഹജൂര്‍ കച്ചേരി മന്ദിരം പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്. ഇതേ വളപ്പില്‍ തന്നെ സ്ഥിതി ചെയ്യുന്ന സബ് രജിസ്ട്രാര്‍ ഓഫീസ്, ജോണ്‍ ഡങ്കണ്‍ റൌളേയുടെ ശവകുടീരം എന്നിവയും പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. ജില്ലാ പൈതൃക മ്യൂസിയത്തിന്റെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹജൂര്‍ കച്ചേരി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ കെ. പി. എ മജീദ് എം. എല്‍. എ അധ്യക്ഷനായി.
മലബാറിലെ കോളനി വാഴ്ചയുടെയും അതിനെതിരായി നടന്ന നാനാവിധമായ ചെറുത്തുനില്‍പ്പുകളുടെയും സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന ചരിത്രസ്മാരകമാണ് തിരൂരങ്ങാടി ഹജൂര്‍ കച്ചേരി മന്ദിരം. 1792 ല്‍ മലബാര്‍ ബ്രിട്ടീഷ്
അധീനതയിലായതോടെ മലബാറില്‍ കോളനി ഭരണക്രമം സ്ഥാപിച്ചെടുക്കുന്നതിനായി പലതരത്തിലുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുകയുണ്ടായി.
അക്കൂട്ടത്തില്‍ സ്ഥാപിതമായതാണ് തിരൂരങ്ങാടി ഹജൂര്‍ കച്ചേരി മന്ദിരം. ബ്രിട്ടീഷുകാരുടെ കാലത്ത് ഹജൂര്‍ കച്ചേരിയായി പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടത്തിലാണ് പില്‍ക്കാലത്ത് തിരൂരങ്ങാടി താലൂക്ക് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.ബ്രിട്ടീഷ് ഭരണ സിരാകേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്ന ഈ കെട്ടിടം ഇന്തോ യൂറോപ്യന്‍ വാസ്തുശില്‍പ ശൈലിയിലാണ് നിര്‍മിച്ചിരിക്കുന്നത്. വിവിധ കാലഘട്ടങ്ങളില്‍ സര്‍ക്കാരിന്റെ കാര്യാലയങ്ങളായി പ്രവര്‍ത്തിച്ച ഹജൂര്‍ കച്ചേരി കേരള പുരാവസ്തു വകുപ്പിന് കീഴില്‍ സംരക്ഷിത കെട്ടിടമായി നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. 2019ല്‍ ആദ്യഘട്ട പ്രവൃത്തികള്‍ ആരംഭിക്കുകയും 2021 ഫെബ്രുവരി മാസത്തോടെ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലെത്തുകയും ചെയ്തു. 54 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് സംരക്ഷണ പ്രവൃത്തികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. ജില്ലാ പൈതൃക മ്യൂസിയമാക്കാന്‍ തീരുമാനിച്ചതും ഹജൂര്‍ കച്ചേരി തന്നെയാണ്. നിലവില്‍ പുരാവസ്തു വകുപ്പിന് കീഴില്‍ ഇതിനായുള്ള ഡി പി ആര്‍ തയ്യാറാക്കുകയാണ്.
സംസ്ഥാനപുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍, തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത, തിരൂരങ്ങാടി നഗരസഭ കൗണ്‍സിലര്‍ അഹമ്മദ്കുട്ടി കടവത്ത്, കേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള, തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ. സാദിഖ്, സി പി ഇസ്മായില്‍, കെ. രാംദാസ് മാസ്റ്റര്‍, കെ. മൊയ്തീന്‍ കോയ, പി. കെ അബ്ദുല്‍ അസീസ്,എന്‍. വി അബ്ദുല്‍ അസീസ്, കവറൊടി മുഹമ്മദ് മാസ്റ്റര്‍, ശ്രീരാഗ് മോഹനന്‍, എം. പ്രഭാകരന്‍, സി. പി അബ്ദുല്‍ ലത്തീഫ് , കെ. രത്‌നാകരന്‍, പി. ടി ഹംസ, കെ. കുഞ്ഞാമു, മുഹമ്മദ് നഹ, പനക്കല്‍ സിദ്ധിക്ക്, കെ. പി സധു എന്നിവര്‍ സംസാരിച്ചു.




