ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി ഒമ്പതിന്

HIGHLIGHTS : The third edition of the Federal Bank Kochi Marathon will be held on February 9th

careertech

കൊച്ചി: ക്ലിയോ സ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി ഒമ്പതിന് നടക്കും. സര്‍ക്കുലര്‍ ഇക്കോണമിയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നാം പതിപ്പ് സംഘടിപ്പിക്കുന്നത്. താജ് വിവാന്തയില്‍ നടന്ന ചടങ്ങില്‍  മുഖ്യാതിഥി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എംവിഎസ് മൂര്‍ത്തി, ക്ലിയോ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ബൈജു പോള്‍ എന്നിവര്‍ ചേര്‍ന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ആധുനിക കാലത്ത് സര്‍ക്കുലര്‍ ഇക്കോണമിയെ സംബന്ധിച്ചുള്ള പൊതു അവബോധം വര്‍ദ്ധിപ്പിക്കുകയാണ് ഫെഡറല്‍ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്.

ഫെബ്രുവരി ഒമ്പതിന് മറൈന്‍ ഡ്രൈവില്‍ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ 42.195 കിലോമീറ്റര്‍ മാരത്തോണ്‍, 21.097 കിലോമീറ്റര്‍ ഹാഫ് മാരത്തോണ്‍, 10 കിലോമീറ്റര്‍ റണ്‍, 3 കിലോമീറ്റര്‍ ഗ്രീന്‍ റണ്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് നടക്കുക. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിനോദ ഓട്ടമായ ഗ്രീന്‍ റണ്ണില്‍ സ്‌കൂളുകള്‍, കോളേജുകള്‍, ഹൗസിങ് സൊസൈറ്റികള്‍, വനിത സംഘടനകള്‍, കോര്‍പ്പറേറ്റ് ജീവനക്കാര്‍, സന്നദ്ധസംഘടകള്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. ഗ്രീന്‍ റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്ലീന്‍, ഗ്രീന്‍ ആന്‍ഡ് സേഫ് കൊച്ചി എന്ന പ്രമേയം ഉള്‍കൊള്ളുന്ന സന്ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. മികച്ച എന്‍ട്രികള്‍ക്ക് സമ്മാനം ലഭിക്കും. ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൽ  പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.kochimarathon.in എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.

sameeksha-malabarinews

ഇന്ത്യന്‍ നെറ്റ്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റനും അഭിനേത്രിയുമായ പ്രാചി തെഹ്ലാനെ കൊച്ചി മാരത്തോണ്‍ ഗുഡ് വില്‍ അംബാസിഡറായും ഒളിമ്പ്യന്‍ ആനന്ദ് മെനെസെസിനെ റെയ്‌സ് ഡയറട്കറായും പ്രഖ്യാപിച്ചു. രാജ്യത്തെ എലൈറ്റ് അത്‌ലറ്റുകള്‍ പങ്കെടുക്കുന്നുവെന്നതാണ് ഇത്തവണത്തെ മാരത്തോണിന്റെ മുഖ്യ ആകര്‍ഷണം. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ അംഗീകാരത്തോടെയാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്.
ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിലെ വിജയികള്‍ക്ക് ലഭിക്കുന്ന ടൈമിങ് സര്‍ട്ടിഫിക്കറ്റ് ആഗോളതലത്തിലെ മുന്‍നിര മാരത്തോണില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതയായി പരിഗണിക്കും. പതിനഞ്ച് ലക്ഷം രൂപയാണ് ഇത്തവണത്തെ സമ്മാനത്തുക.

ചടങ്ങില്‍ മാരത്തോണിന്റെ  സര്‍ക്കുലര്‍ ഇക്കോണമി ഉദ്യമത്തിന്റെ ലോഗോയും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പുറത്തിറക്കി. ഫെഡറല്‍ബാങ്ക് കൊച്ചി മാരത്തോണിലൂടെ നഗരത്തിന്റെ പ്രതിച്ഛായ മാറ്റുവാന്‍ സാധിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിന് ഒപ്പം സാമൂഹിക, പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വേദികൂടിയാണ് ഫെഡറല്‍ബാങ്ക് കൊച്ചി മാരത്തോണ്‍. സുസ്ഥിരവികസനത്തിന് പൊതുജനപങ്കാളിത്തം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സര്‍ക്കുലര്‍ ഇക്കോണമിയുടെയും പ്രകൃതി സംരക്ഷണത്തിന്റെയും ആവശ്യകതയും ചൂണ്ടിക്കാട്ടി.

കൊച്ചി മാരത്തോണിന്റെ മൂന്നാം എഡിഷന്റെ ഭാഗമാകുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ആഗോളതലത്തില്‍ ഏറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന സര്‍ക്കുലര്‍ ഇക്കോണമിയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുവാനും അവബോധം സൃഷ്ടിക്കുവാനും മാരത്തോണിലൂടെ സാധിക്കുമെന്നും ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എംവിഎസ് മൂര്‍ത്തി പറഞ്ഞു. കേരളത്തെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി, പാഴ് വസ്തുക്കളില്‍ നിന്ന് മൂല്യമേറിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍ സീസണ്‍-3 സംഘടിപ്പിക്കുന്നതെന്ന് ക്ലിയോ സ്പോര്‍ട്സ് ഡയറക്ടര്‍മാരായ അനീഷ് പോള്‍, എംആര്‍കെ ജയറാം, ശബരി നായര്‍ എന്നിവര്‍ പറഞ്ഞു.

ചടങ്ങില്‍ കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രൊഫ. ലിസി ജൂലിയസ് സര്‍ക്കുലര്‍ ഇക്കോണമിയുടെ പ്രാധാന്യവും ആവശ്യകതയും വിശദീകരിച്ചു. പാഴ് വസ്തുക്കളില്‍ നിന്ന് മൂല്യമേറിയ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന പ്രമുഖ സ്ഥാപനമായ പ്ലാനറ്റ് എര്‍ത്തിന്റെ സ്ഥാപകന്‍ സൂരജ് ടോം സര്‍ക്കുലര്‍ ഇക്കോണമിയുടെ ടെസ്റ്റിമോണിയല്‍ അവതരിപ്പിച്ചു.

ഫുള്‍ മാരത്തോണിന്റെ ആദ്യ ബിബ് ഫെഡറല്‍ ബാങ്ക് സി.എം.ഒ എംവിഎസ് മൂര്‍ത്തിയില്‍ നിന്ന് കോസ്റ്റല്‍ സെക്യൂരിറ്റി എഐജി പൂങ്കുഴലി ഏറ്റുവാങ്ങി. മൂന്ന് കിലോമീറ്റര്‍ റണ്ണിന്റെ ആദ്യ ബിബ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും എംവിഎസ് മൂര്‍ത്തിയും ചേര്‍ന്ന് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ശരത് കൃഷ്ണന്‍, ഗീതമ്മ എന്നിവര്‍ക്ക് കൈമാറി. വേദിയില്‍ ഒളിമ്പ്യന്മാരായ കെ.എം ബിനു, എം.ഡി വത്സമ്മ, മേഴ്‌സി കുട്ടൻ എന്നിവരെ ഒളിമ്പ്യനും ഫെഡറല്‍ബാങ്ക് കൊച്ചി മാരത്തോണ്‍ റെയ്‌സ് ഡയറക്ടറുമായ ആനന്ദ് മെനെസെസ് ആദരിച്ചു. ഇന്ത്യന്‍ അത്‌ലറ്റിക് വൈസ് പ്രസിഡന്റ്  ചന്ദ്രശേഖരന്‍ പിള്ള, ഫെഡറല്‍ ബാങ്ക് എറണാകുളം സോണല്‍ ഹെഡ് റെഞ്ചി അലക്‌സ്, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍ ജി, ഫെഡറല്‍ബാങ്ക് വൈസ് പ്രസിഡന്റ് രാജേഷ് കെ.ജി, പ്രതിധ്വനി ജോയിന്റ് സ്‌റ്റേറ്റ് കണ്‍വീനര്‍ ആഷിക് ശ്രീനിവാസന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!