തീരദേശ റോഡിലെ താനൂര്‍ – പൂരപ്പുഴ പാലം റീച്ച് നാടിന് സമര്‍പ്പിച്ചു

താനൂര്‍:സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലൂടെ കടന്നു പോകുന്ന തീരദേശ ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോട് കൂടി കേരളത്തിന്റെ പശ്ചാത്തല വികസനത്തിലും തീരദേശത്തിന്റെ വികസനത്തിലും നാഴികക്കല്ലാകുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

തീരദേശ പാത വികസനത്തില്‍ സംസ്ഥാനത്ത് ആദ്യമായി നിര്‍മാണം പൂര്‍ത്തീകരിച്ച താനൂര്‍ മുഹ്യുദ്ധീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ പാലം വരെയുള്ള 3.85 കിലോമീറ്റര്‍ നീളം റോഡിന്റെയും 1.5 കോടി രൂപ ചെലവില്‍ പൊതുമരാമത്തു റോഡ്‌സ് വിഭാഗം 1.7 കിലോമീറ്റര്‍ നീളത്തില്‍ പണി പൂര്‍ത്തീകരിച്ച താനൂര്‍ -പൂരപ്പുഴ ടിപ്പുസുല്‍ത്താന്‍ റോഡിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക – ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മുഹ്യുദ്ധീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ പാലം വരെയുള്ള 3.85 കിലോമീറ്റര്‍ തീരദേശ ഹൈവേ താനൂര്‍ മണ്ഡലത്തിലൂടെയാണ് കടന്നു പോകുന്നത്. 15.6 മീറ്റര്‍ വീതിയുള്ള റോഡില്‍ ഏഴു മീറ്റര്‍ വീതിയില്‍ കാര്യേജ് വേ, 1.5 മീറ്റര്‍ വീതം ഇരുവശങ്ങളില്‍ നടപ്പാത, 2.5 മീറ്റര്‍ വീതിയില്‍ സൈക്കിള്‍ ട്രാക്ക്, 1.55 മീറ്റര്‍ വശങ്ങളില്‍ വെള്ളച്ചാല്‍ എന്നിവയുണ്ട്. കിഫ്ബി മാനദണ്ഡങ്ങള്‍ അനുസരിച്ച് സുരക്ഷാ റോഡ് മാര്‍ക്കിങ്ങുകള്‍, സ്റ്റഡുകള്‍, റിഫ്‌ലക്റ്റിങ് ടൈലുകള്‍, ആധുനിക രീതിയിലുള്ള ബസ് ഷെല്‍ട്ടറുകള്‍, ദിശ ബോര്‍ഡുകള്‍, സ്ഥലനാമ ബോര്‍ഡുകള്‍ എന്നിവയും സജീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളുടെ മാതൃകയില്‍ സൈക്കിള്‍ ട്രാക്ക് സഹിതമുള്ള റോഡ് നമുക്ക് പുത്തന്‍ അനുഭവമാണെന്ന് മന്ത്രി റിയാസ് പറഞ്ഞു.

താനൂര്‍ തൂവല്‍ തീരത്തിന് സമീപം ഒരുക്കിയ ഉദ്ഘാടന പരിപാടിയില്‍ താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യ, താനൂര്‍ നഗരസഭ ക്ഷേമkകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫാത്തിമ, താനൂര്‍ നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അലി അക്ബര്‍, കെ ആര്‍ എഫ് ബി പി എം യു നോര്‍ത്ത് സര്‍ക്കിള്‍ ടീം ലീഡര്‍ എസ്. ദീപു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top