ന്യൂഡല്‍ഹി: മഥുര ഷാഹി ഇദ്ഗാഹ് മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് സ്ഥലം കൃഷ്ണ ജന്മഭൂമിയായി അംഗീകരിക്കുന്നതിനും മസ്ജിദ് നീക്കം ചെയ്യുന്നതിനുമുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതേ വിഷയത്തില്‍ നിരവധി ഹര്‍ജികള്‍ വിവിധ കോടതികളുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. ഏത് നിയമനിര്‍മ്മാണത്തിന്റെയും വൈരുദ്ധ്യങ്ങളെ ചോദ്യം ചെയ്ത് ഹര്‍ജിക്കാരന് പ്രത്യേക ഹര്‍ജി നല്‍കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതി പൊതുതാല്‍പര്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ക്ഷേത്ര ഭൂമിയിലാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലനില്‍ക്കുന്നതെന്നാണ് ഹിന്ദുത്വ സംഘടനകളുടെ അവകാശ വാദം. സര്‍വ്വെ നടത്തി ഇക്കാര്യത്തില്‍ വ്യക്ത വരുത്തണമെന്ന ആവശ്യവും ദീര്‍ഘകാലമായി നിലനില്‍ക്കുന്നുണ്ട്.
ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്താണ് മുഗള്‍ ഭരണാധികാരിയായ ഔറംഗസീബ് ഷാഹി ഈദ്ഗാഹ് പള്ളി നിര്‍മിച്ചതെന്നാണ് സര്‍വ്വെ ആവശ്യപ്പെടുന്നവരുടെ പ്രധാന അവകാശവാദം. പള്ളി പൊളിച്ചുനീക്കി സ്ഥലം ക്ഷേത്രത്തിന് കൈമാറണം എന്നാവശ്യപ്പെട്ട് 18ലെറെ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.




