ചെലവ് കുറയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന മഅദനിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

ദില്ലി: ചെലവ് കുറയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിയില്‍ അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. കേരളത്തില്‍ സുരക്ഷയൊരുക്കാന്‍ കര്‍ണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചു. പ്രതിമാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതിരായ ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേരളത്തിലേക്ക് വരാന്‍ അനുമതി ലഭിച്ചിട്ടും ഈ പണം അടക്കം മദനിക്ക് വെല്ലുവിളിയായിരുന്നു.

കേരളത്തിലേക്ക് വരാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതിയാണ് അനുമതി നല്‍കിയത്. ആ സമയത്ത് തന്നെ കര്‍ണാടക പൊലീസ് സുരക്ഷയൊരുക്കണമെന്ന നിര്‍ദ്ദേശവും സുപ്രീം കോടതി വെച്ചിരുന്നു. സുരക്ഷയ്ക്കുള്ള ചെലവ് മദനിയില്‍ നിന്ന് ഈടാക്കാനുമായിരുന്നു ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. തുടര്‍ന്ന് കര്‍ണാടക പൊലീസ് ഒരു സമിതിയെ നിയോഗിച്ച് സുരക്ഷ വിലയിരുത്തി.

എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലേക്ക് യാത്ര ചെയ്ത് എത്ര ചെലവ് വരുമെന്നത് പരിശോധിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സമിതി സുരക്ഷാ ചെലവിനായി 20 ലക്ഷം വേണമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ഇത്രയും പണം പ്രതിമാസം നല്‍കാനാവില്ലെന്ന് മദനി ചൂണ്ടിക്കാട്ടി. മദനിക്ക് കേരളത്തില്‍ നില്‍ക്കാനുള്ള കാലത്തേക്ക് ആകെ ചെലവായി 55 ലക്ഷം രൂപയോളമാണ് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടത്. ഇതിനെതിരായ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

മദനിക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കഴിഞ്ഞ തവണ മദനിയുടെ കേരളത്തിലെ സുരക്ഷയ്ക്ക് 1.18 ലക്ഷം രൂപ മാത്രമാണ് ചെലവായതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ആ സ്ഥാനത്ത് 20 ലക്ഷം രൂപയെന്നത് ഭീമമായ തുകയാണെന്ന് കപില്‍ സിബല്‍ ഉന്നയിച്ചു. ആറംഗ സമിതിയാണ് സുരക്ഷാ ചെലവ് കണക്കാക്കിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top