കേരള സ്റ്റുഡന്റ്സ് പൊലീസില്‍ മതപരമായ വേഷം അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

കേരള സ്റ്റുഡന്റ്സ് പൊലീസില്‍ മതപരമായ വേഷം അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്ല്‍ ഹിജാബ് അനുവദിക്കണമെന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സ്റ്റുഡന്റ് പൊലീസ് യൂണീഫോമായി ഹിജാബും ഫുള്‍ക്കൈ വസ്ത്രവും അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയത്. കുറ്റ്യാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ഇത്തരം നടപടികള്‍ സേനയിലെ മതേതരത്വ നിലപാടിന് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കാക്കി പാന്റ്, കാക്കി ഷര്‍ട്ട്, കറുത്ത ഷൂ, കാക്കി സോക്‌സ്, നീല നിറത്തിലുള്ള ബെറെറ്റ് തൊപ്പി എന്നിങ്ങനെയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നിലവിലെ യൂണിഫോം. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേഷമെന്നും, മതപരമായ ഒരു ചിഹ്നങ്ങളും ഈ യൂണിഫോമില്‍ അനുവദിക്കില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കി. നിരവധി മുസ്ലിം വിദ്യാര്‍ത്ഥികള്‍ എസ്പിസിയുടെ ഭാഗമായി പരിശീലനം നേടിയിട്ടുണ്ടെന്നും ഇത്തരമൊരു ആവശ്യം ആരുമുന്നയിച്ചിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.

കുട്ടികളില്‍ അച്ചടക്കം, നിയമബോധം, പൗരത്വബോധം, എന്നിവ വളര്‍ത്താനായി രൂപീകരിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയില്‍ എന്തിനേക്കാള്‍ പ്രാധാന്യം രാജ്യത്തിനാണെന്നും, ഇത് കേരളാ പൊലീസിന്റെ ഒരു ഉപവിഭാഗമായിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും,  കേരളാ പൊലീസില്‍ മതഭേദമന്യേ എല്ലാ ഉദ്യോഗസ്ഥരും ഒരേ യൂണിഫോമാണ് ധരിക്കുന്നത്. അവിടെ മതപരമായ ഒരു ചിഹ്നങ്ങളും അനുവദനീയമല്ല. അതേ സംവിധാനം തന്നെയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റും പിന്തുടരുന്നത്. എന്‍സിസി, സ്‌കൗട്ട് കേഡറ്റ് സംവിധാനത്തിലും സമാനമായ രീതിയില്‍ ഒരേ യൂണിഫോമാണുള്ളത്. മതപരമായ ചിഹ്നങ്ങള്‍ അനുവദിക്കാറില്ല. സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് 2010 ല്‍ കേരളത്തില്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ്. 2010 ഓഗസ്റ്റ് 2ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് എസ്പിസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്കു തുടക്കംകുറിച്ചത്.

കുട്ടികള്‍ക്കിടയില്‍ മത, ജാതി, വംശ, ലിംഗ ഭേദമന്യേ ഒരുമയുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ്. അതുകൊണ്ട് തന്നെ ഹര്‍ജിക്കാരിയുടെ ഈ ആവശ്യം അനുവദിക്കാനാകില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കി. ഭരണഘടനയുടെ 25(1) വകുപ്പ് പ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയെന്നത് തന്റെ അടിസ്ഥാനപരമായ അവകാശമാണെന്നും, മതപരമായ വസ്ത്രം താന്‍ ധരിക്കുന്നത് കൊണ്ട് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ അച്ചടക്കത്തെയോ മറ്റുള്ളവരുടെ അവകാശത്തെയോ താന്‍ ഹനിക്കുന്നില്ലെന്നും കുട്ടി ഹര്‍ജിയില്‍ പറയുന്നു.

ഇതുസംബന്ധിച്ച ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതിക്ക് കൈമാറും. എന്നാല്‍ ഹര്‍ജി തള്ളിയ ജസ്റ്റിസ് വി വി കുഞ്ഞികൃഷ്ണന്‍ സര്‍ക്കാരിനെ സമീപിക്കാന്‍ പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

 

 

 

Share news
error: Content is protected !!
Scroll to Top