
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെയും കൂട്ടുപ്രതികളായ നാല് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി, ദിലീപിന്റെ അറസ്റ്റ് അടുത്ത ബുധനാഴ്ച വരെ തടഞ്ഞ് ഹൈക്കോടതി. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ച ജസ്റ്റിസ് ഗോപിനാഥ് കേസ് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹൈക്കോടതിയില്‍ മുദ്ര വച്ച കവറില്‍ സമര്‍പ്പിക്കുമെന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അറിയിച്ചു.
ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിള്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ, കോടതി നിര്‍ദേശപ്രകാരമാണ് പ്രതികളെ എല്ലാവരെയും ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയത്. ഞായര്‍, തിങ്കള്‍, ചൊവ്വ എന്നീ 3 ദിവസങ്ങളിലായി ചോദ്യം ചെയ്ത്, വ്യാഴാഴ്ച അന്വേഷണറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് ജസ്റ്റിസ് പി ഗോപിനാഥ് നിര്‍ദേശിച്ചത്. ദിലീപിനെതിരെ അസ്വസ്ഥപ്പെടുത്തുന്ന ചില തെളിവുകളുണ്ടെന്നും, അത് പരിഗണിച്ചാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ച ശേഷമാണ് കോടതി ഇങ്ങനെ പറഞ്ഞത്. ഇതനുസരിച്ച് മൂന്ന് ദിവസമായി, ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ്, ഡ്രൈവറും ബന്ധുവുമായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമുള്ള ശക്തമായ ആവശ്യമാണ് പ്രോസിക്യൂഷന്‍ മുന്നോട്ട് വച്ചു. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിനിടെ, ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ മാറ്റി വാങ്ങിയെന്നും, അതാണ് ഹാജരാക്കിയിരിക്കുന്നതെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ഇവര്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണുകളില്‍ തെളിവുകളുണ്ടെന്നും, അത് കണ്ടെത്താന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഫോണുകളില്‍ തെളിവുകളില്ലെന്നും, അന്വേഷണവുമായി ബന്ധപ്പെട്ട ഒന്നും അതിലില്ലെന്നും, അതിനാല്‍ ഫോണുകള്‍ തരാനാകില്ലെന്നുമായിരുന്നു ദിലീപിന്റെയും സംഘത്തിന്റെയും വാദം. കേസ് കെട്ടിച്ചമച്ചതാണെന്നും, ബാലചന്ദ്രകുമാര്‍ തന്നെ പല തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ദിലീപ് ആരോപിക്കുന്നത്.
ഫോണ്‍ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിയായ തനിക്ക് ക്രൈംബ്രാഞ്ചിന് നോട്ടീസ് നല്‍കാനാകില്ലെന്നും, താന്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും ദിലീപ് വ്യക്തമാക്കി. ഹാജരാക്കാന്‍ ആവശ്യപ്പെട്ട രണ്ട് ഫോണുകളില്‍ ഒന്ന് ബാങ്ക് ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുന്നതാണെന്നും മറ്റൊരു ഫോണില്‍ താനും ബാലചന്ദ്രകുമാറും നടത്തിയ സംഭാഷണങ്ങളുണ്ട്. അത് തനിക്കെതിരായ ഗൂഡാലോചനയിലെ തെളിവുകളാണ്. ഈ തെളിവുകള്‍ വീണ്ടെടുക്കാന്‍ സ്വന്തം നിലയില്‍ സൈബര്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം കോടതിയ്ക്ക് കൈമാറാമെന്നു ദിലീപ് വ്യക്തമാക്കി. ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യപ്രകാരമാണ്. ഈ ഉദ്യോഗസ്ഥന്റെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിക്കുകയാണ് വേണ്ടതെന്നും അതില്‍ തന്നെ മനഃപൂര്‍വം പ്രതിയാക്കാനുള്ള ഗൂഢാലോചനയുടെ തെളിവുകളുണ്ടാകുമെന്നും ദിലീപ് ആരോപിച്ചു.
എന്നാല്‍ ഫോണ്‍ ഒളിപ്പിച്ചതിന് പിറകില്‍ ആസൂത്രിത ഗൂഡാലോചനയുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. 2017 നവംബര്‍ 15 മുതല്‍ പ്രതികള്‍ ഉപയോഗിച്ച ഫോണ്‍ പരിശോധിച്ചാല്‍ പല സുപ്രധാന തെളിവുകളും ലഭിക്കുമായിരുന്നു. ഈ തെളിവുകള്‍ നശിപ്പിക്കാനാണ് പ്രതികളുടെ നീക്കം എന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.




