കോവിഡ് അവലോകന യോഗം; നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ; കടുത്ത നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. നാലു ജില്ലകളെ കൂടി സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി എന്നീ ജില്ലകളെയാണ് സി കാറ്റഗറിയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജില്ലകളിൽ സാമൂഹ്യ-സാംസ്കാരിക മത രാഷ്ട്രീയ സാമുദായിക പൊതുപരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. വിവാഹം മരണാനന്തര ചടങ്ങുകൾ പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയറ്ററുകൾ സ്വിമ്മിംഗ് പൂളുകൾ ജിമ്മുകൾ എന്നിവയുടെ പ്രവർത്തനവും അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസുകളും 10 12 ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും ട്യൂഷൻ സെൻറർ ഉൾപ്പെടെ ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ എന്നിവയാണ് സി കാറ്റഗറിയിലെ നിയന്ത്രണങ്ങൾ.

തിരുവനന്തപുരം ജില്ല നേരത്തെ സി കാറ്റഗറിയിൽ ആയിരുന്നു.
ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകൾ കാറ്റഗറി രണ്ടിലും, മലപ്പുറം, കോഴിക്കോട് ജില്ലകൾ കാറ്റഗറി ഒന്നിലുമാണ്. വെള്ളിയാഴ്ച മുതൽ ഈ ജില്ലകളിൽ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കാസർഗോഡ് ജില്ല നിലവിൽ ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല.

സെക്രട്ടേറിയറ്റിൽ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോവിഡ് വാർ റൂം പുനരാരംഭിച്ചു. കോവിഡ് ബെഡ്ഡ്, ഐ.സി.യു ബെഡ്ഡ്, വെന്റിലേറ്റർ ഉൾപ്പെടെയുള്ളവയും ഇതിലൂടെ മോണിറ്റർ ചെയ്യും. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വർദ്ധിക്കുമെന്നതിനാൽ മുൻകരുതൽ എടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. കരുതൽവാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. പ്രാദേശികമായ ഇടപെടൽ വളരെ പ്രധാനമാണ്. കോവിഡ് ജാഗ്രതാസമിതികൾ ശക്തിപ്പെടുത്തണം.

ആശുപത്രികളിൽ ചികിത്സയ്ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതിയെന്ന ആരോഗ്യ വിദഗ്ധസമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും  മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു.

Share news
error: Content is protected !!
Scroll to Top