പൊന്നാനിയില്‍ കപ്പലടുക്കും: ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു

HIGHLIGHTS : The ship will be docked at Ponnani: A team of high-ranking officials visited the site

പൊന്നാനി തീരത്ത് കപ്പലടുപ്പിക്കാനൊരുങ്ങി തുറമുഖ വകുപ്പ്. കപ്പല്‍ ടെര്‍മിനല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പദ്ധതി സ്ഥലം സന്ദര്‍ശിച്ചു.

ടെര്‍മിനല്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കാനാണ് സംഘം സന്ദര്‍ശനം നടത്തിയത്. പഴയ ജങ്കാര്‍ ജെട്ടിക്ക് സമീപം മള്‍ട്ടിപര്‍പ്പസ് പോര്‍ട്ട് നിര്‍മിക്കാനാണ് നിലവിലെ തീരുമാനം. കപ്പലിനടുക്കാന്‍ പാകത്തില്‍ 100 മീറ്റര്‍ പുതിയ വാര്‍ഫ് നിര്‍മിക്കും. ഇതിനോടനുബന്ധിച്ചുള്ള മറ്റ് പശ്ചാത്തല വികസനവും നടത്തും. ചരക്ക് കപ്പലുകളും യാത്രാ കപ്പലുകളും എളുപ്പത്തില്‍ അടുക്കാവുന്ന തരത്തില്‍ നാല് മീറ്റര്‍ വരെ ആഴം ഉറപ്പാക്കുകയും ചെയ്യും. നിലവിലെ കണക്കനുസരിച്ച് ഹാര്‍ബര്‍ പ്രദേശത്ത് പദ്ധതിക്ക് ആവശ്യമായ ആഴമുണ്ടെന്നാണ് കണ്ടെത്തല്‍. 50 കോടി ചെലവിലാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പുതിയ പദ്ധതി ഒരുങ്ങുക. പദ്ധതിയുടെ ഡി.പി.ആര്‍ മൂന്നാഴ്ചക്കകം സമര്‍പ്പിക്കും.

sameeksha-malabarinews

പി.നന്ദകുമാര്‍ എം.എല്‍.എയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് പദ്ധതി ഒരുക്കുന്നത്. ചരക്ക്-യാത്രാഗതാഗത സൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മള്‍ട്ടിപര്‍പ്പസ് സംവിധാനത്തോടെയാണ് പദ്ധതിയൊരുക്കുക. കപ്പല്‍ ടെര്‍മിനല്‍ ടൂറിസം രംഗത്ത് വന്‍ സാധ്യതകള്‍ തുറക്കുമെന്നാണ് പ്രതീക്ഷ. സ്ഥലം സന്ദര്‍ശിച്ച ശേഷം പൊന്നാനി പൊതുമരാമത്ത് വിശ്രമ മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ പി.നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം, മാരിടൈം ബോര്‍ഡ് സി.ഇ.ഒ ടി.പി സലീം കുമാര്‍, ഹാര്‍ബര്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ മുഹമ്മദ് അന്‍സാരി, കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ അശ്വനി പ്രതാപ്, ഹാര്‍ബര്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ രാജീവ്, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി.വി പ്രസാദ്, മുന്‍ നഗരസഭാ അധ്യക്ഷന്‍ സി.പി മുഹമ്മദ് കുഞ്ഞി, ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!