
കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ എട്ടാം ദിവസത്തിലേക്ക്. കരയില്‍ സിഗ്‌നല്‍ ലഭിച്ചയിടങ്ങളില്‍ ലോറി കണ്ടെത്താന്‍ ആകാത്തതോടെ ഗംഗാവലി പുഴയിലായിരിക്കും ഇന്നത്തെ തെരച്ചില്‍. ഇന്നലെ നടത്തിയ തെരച്ചിലില്‍ പുഴയില്‍ 40 മീറ്റര്‍ മാറി സിഗ്‌നല്‍ കണ്ടെത്തിയിരുന്നു. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം.
നാവികസേനയ്ക്കും എന്‍ഡിആര്‍എഫിനും ഒപ്പം കരസേനയും പുഴയിലെ പരിശോധനയില്‍ ചേരും. ഡ്രഡ്ജര്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കിയാകും രക്ഷാപ്രവര്‍ത്തനം. നാവികസേനയുടെ കൂടുതല്‍ മുങ്ങല്‍ വിദഗ്ദരും ദൗത്യത്തില്‍ പങ്കാളിയാകും. അതേസമയം സമാന്തരമായി പുഴയോരത്ത് മണ്ണ് നീക്കം ചെയ്തും പരിശോധന തുടരും. നദിക്കരയില്‍ നിന്ന് ഒരു സിഗ്‌നല്‍ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലെ സിഗ്‌നല്‍ കിട്ടിയ പ്രദേശം മാര്‍ക്ക് ചെയ്താണ് ഇപ്പോള്‍ സംഘം പരിശോധന നടത്തുന്നത്.
അര്‍ജുന്റെ ലോറി റോഡരികില്‍ നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങള്‍ റോഡിലെ മണ്‍കൂനയില്‍ പരിശോധന നടത്തിയത്. ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണില്‍ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. പുഴയിലെ പരിശോധനക്കായി കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




