പരപ്പനങ്ങാടി: കനത്ത മഴയിൽ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ഉറങ്ങിക്കൊണ്ടിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. നെടുവ കോവിലകം പറമ്പിലെ വലിയവളപ്പില്‍ സുനിതയുടെ വീടാണ് മേല്‍ക്കൂര തകര്‍ന്നു വീണു അപകടത്തിലായത്.
അപകടം നടക്കുമ്പോള്‍ വീട്ടമ്മ സുനിതയും മക്കളായ വിജിത്, വിജീഷ് എന്നിവരുമാണ് വീട്ടിലുണ്ടായിരുന്നത്. ഉറക്കത്തിലായിരുന്ന വിജിത് വീടിനു ഇളക്കം തട്ടുന്നതുപോലെ തോന്നിയപ്പോള്‍ ഞെട്ടി ഉണരുകയായിരുന്നു. നോക്കിയപ്പോള്‍ അടുക്കള ഭാഗത്തെ മേല്‍ക്കൂര തകര്‍ന്നു വീഴാന്‍ തുടങ്ങിയിരുന്നു. ഉടന്‍ അമ്മയെയും അനിയന്‍ വിജിത്‌നെയും വിളിച്ചുണര്‍ത്തി വീടിനു പുറത്തേക്കു ഓടി രക്ഷപെടുകയായിരുന്നു. അപ്പോഴേക്കും മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു വീണു.
ഓടിട്ട വീടിന്റെ മേല്‍ക്കൂര തകര്‍ന്നെങ്കിലും ആളപായമില്ലാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് സുനിതയുടെ കുടുംബവും നാട്ടുകാരും.




