നാല് പതിറ്റാണ്ട് പഴക്കമുള്ള റോഡ് റോളറിനെ പെയിന്റ് ചെയ്ത് പുതുക്കിയെടുത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍. കുന്ദമംഗലം മണ്ഡലത്തിലെ കാരന്തൂരില്‍ പ്രവര്‍ത്തിക്കുന്ന പി.ഡബ്ല്യു.ഡി റോഡ് വിഭാഗം സെക്ഷന്‍ ഓഫീസിലാണ് നാല്‍പ്പത് വര്‍ഷത്തെ ചരിത്രമുള്ള റോഡ് റോളര്‍ ശ്രദ്ധനേടുന്നത്. പൊതുമരാമത്ത് ഓഫീസ് പൊതുജന സൗഹൃദമാക്കുന്നതിനു വേണ്ടി കാട് വെട്ടി വൃത്തിയാക്കുകയും സൗന്ദര്യവല്‍ക്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് റോഡ് റോളറിനെ പുതുക്കിയെടുത്തത്.
അസിസ്റ്റന്റ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍. ഇതിന്റെ ചെലവ് ഉദ്യോഗസ്ഥര്‍ പങ്കിട്ടെടുക്കുകയായിരുന്നു.
1982 ല്‍ ഫറോക്കിലെ ബില്‍ഡിംഗ്‌സ് ആന്റ് റോഡ്‌സ് സെക്ഷന് വേണ്ടി വാങ്ങി റോഡ് റോളര്‍ 1987 മുതല്‍ കുന്ദമംഗലം സെക്ഷന്റെ പ്രവൃത്തികള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങിയത്. വര്‍ഷങ്ങളായി ഉപയോഗിച്ച ശേഷമാണ് പിന്നീട് റോഡ് റോളര്‍ കട്ടപ്പുറത്തായത്.
ജോലി ചെയ്യുന്ന അന്തരീക്ഷം മാതൃകാപരമായ രീതിയില്‍ ആകര്‍ഷകമാക്കിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ പി.ടി.എ റഹീം എം.എല്‍.എ നേരിട്ടെത്തി അഭിനന്ദിച്ചു. അസി. എന്‍ജിനീയര്‍ സി.ടി പ്രസാദ്, ഓവര്‍സിയര്‍മാരായ അമൃത വിജയന്‍, എ.ജി ജിനീഷ്, കെ.പി പ്രവീണ്‍, വി ദീപ്തി, വിരമിച്ച ഡ്രൈവര്‍ പി ദാസന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.




