പ്രോ+ അരങ്ങിലെത്തുന്നു

തേഞ്ഞിപ്പലം:വിനോയ് തോമസ് എഴുതിയ പ്രോത്താസീസിന്റെ ഇതിഹാസം നോവലിന്റെ നാടകാവിഷ്‌കാരം പ്രോ+ നാളെ ചൊവ്വാഴ്ച അരങ്ങില്‍. കലിക്കറ്റ് സര്‍വകലാശാല മലയാള കേരളപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന നാടകദിനാഘോഷത്തിന്റെ ഭാഗമായാണ് നാടകാവതരണം.

കാമ്പസ് നാടകചരിത്രത്തിലെ ബൃഹത്തായ ഒരു അരങ്ങ് പരീക്ഷണമാണ് നാടകക്കൂട്ടത്തിന്റെ പ്രോ+. തുറന്നവേദിയിലെ തികച്ചും പുതുമയാര്‍ന്ന രംഗാനുഭവമാണിത്. അരീന തിയേറ്ററിന്റെ വിശാലതയിലേക്ക്, തിയേറ്റര്‍ ഇന്‍ ദ റൗണ്ടിലേക്ക്, പുത്തന്‍ ആവിഷ്‌കാരത്തിന്റെ തുറസ്സിലേക്ക് നാടകാസ്വാദനത്തിന്റെ അനുഭൂതികളിലേക്ക് എത്തിക്കാനാണ് നാടക പ്രവര്‍ത്തകരുടെ ശ്രമം.

ആകാശവും ഭൂമിയും കളിയിടമാകുന്ന, വിലക്കുകളും മറകളുമില്ലാത്ത സക്രിയരംഗസാക്ഷാത്കാരമാണ് പ്രോ+. കാമ്പസ് തിയേറ്ററിന് അപരിചിതമായൊരു രംഗപരിചരണമാണ് ഈ നാടകം. സമകാലസാമൂഹ്യജീവിതത്തെ
ചിരിയുടെ കാലിഡോസ്‌കോപ്പിലൂടെ നോക്കിക്കാണുകയാണ് നാടകം. അങ്ങനെ അത് നാടിന്റെ അകമാകുന്നു. ആരോഗ്യകരമായ മനുഷ്യബന്ധങ്ങളെക്കുറിച്ചും കപടജീവിതങ്ങളെക്കുറിച്ചും ഉപഹസിക്കുന്നു. സാമൂഹ്യമാറ്റത്തെക്കുറിച്ച് സ്വയം വിമര്‍ശനാത്മകമായി ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നു.

ഡോ കെ എസ് വാസുദേവന്‍ നാടകരൂപരചന നിര്‍വഹിച്ച് പ്രൊഫ.എല്‍ തോമസ്‌കുട്ടി സംവിധാനം നിര്‍വഹിക്കുന്ന ഈ നാടകത്തില്‍ നാടക-സിനിമാ- മാധ്യമ പ്രവര്‍ത്തകരും അധ്യാപകരും ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളുമടങ്ങുന്ന നാല്പതോളം പേര്‍ അരങ്ങിലെത്തും.
വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് വിനോയ് തോമസ് മുഖ്യപ്രഭാഷണം നടത്തും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top