കായികതാരങ്ങളുടെ യാതനകള്‍ പുതുതലമുറ പഠിക്കണം: സ്പീക്കര്‍

മലപ്പുറം: കായികതാരങ്ങളുടെ വിജയത്തിലേക്കുള്ള യാതനകള്‍ പുതുതലമുറ ഉള്‍ക്കൊണ്ട് പാഠമാക്കണമെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ജില്ലാ പഞ്ചായത്തില്‍ ടോക്യോ ഒളിമ്പിക്സ് താരങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നേട്ടങ്ങള്‍ കൈവരിക്കുന്നവരെ ആദരിക്കുന്നതിനൊപ്പം പ്രതിഭകളെ വളര്‍ത്തിയെടുക്കാനുള്ള സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷ്, ജില്ലയില്‍നിന്ന് മാരത്തണ്‍ നടത്തത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച കെ ടി ഇര്‍ഫാന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിച്ച എം പി ജാബിര്‍, ദേശീയ ചാമ്പ്യന്‍ഷിപ്പിലെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക റാങ്കിങ്ങില്‍ മൂന്നാമതെത്തിയ മുഹമ്മദ് ഹനാന്‍, ഗോവയില്‍ നടന്ന കിക്ക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ യു പി ഷഹബാസ് എന്നിവരെയാണ് ആദരിച്ചത്.
പി ആര്‍ ശ്രീജേഷിന് ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയും ഒളിമ്പ്യന്‍ കെ ടി ഇര്‍ഫാനും എം പി ജാബിറിനുമുള്ള 50,000 രൂപയും സ്പീക്കര്‍ കൈമാറി.

എം പി ജാബിറിന്റെ ബാപ്പ എം പി ഹംസയാണ് തുക ഏറ്റുവാങ്ങിയത്. മുഹമ്മദ് ഹനാന്‍, യു പി ഷഹബാസ് എന്നിവര്‍ക്കുള്ള ഉപഹാരവും കൈമാറി. മലപ്പുറത്തുനിന്ന് സ്ഥലംമാറുന്ന കലക്ടര്‍ കെ ഗോപാലകൃഷ്ണനും ഉപഹാരം നല്‍കി.

പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷനായി. മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ പ്രതിഭകളെ പരിചയപ്പെടുത്തി.

കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, ഉപാധ്യക്ഷന്‍ ഇസ്മയില്‍ മൂത്തേടം, സ്ഥിരം സമിതി അധ്യക്ഷര്‍, ജനപ്രതിനിധികള്‍, കായികരംഗത്തെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top