മലപ്പുറം ജില്ലയില്‍ ആരംഭിക്കുന്ന പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് പാലുല്‍പ്പാദന രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ക്ഷീര വികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഈശ്വരമംഗലം മൃഗാശുപത്രിക്ക് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ഒഴുക്കി കളയേണ്ട സാഹചര്യം ഇനിയുണ്ടാകില്ല. 53 കോടി രൂപ ചിലവില്‍ മലപ്പുറത്താരംഭിക്കുന്ന പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് ക്ഷീര കര്‍ഷകരുടെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
പാലുല്‍പാദനത്തില്‍ മലബാര്‍ വലിയ വിപ്ലവമാണ് സാധ്യമാക്കുന്നത്. 37 ശതമാനത്തിന്റെ വര്‍ധനവാണ് പാലുല്‍പ്പാദനത്തില്‍ മലബാറിലുണ്ടായതെന്നും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന വെറ്റിനറി ക്ലിനിക്കുകള്‍ ബ്ലോക്ക് തലത്തില്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
മുഴുവന്‍ സമയവും വെറ്റിനറി ഡോക്ടറുടെ സേവനം ലഭ്യമാകുന്ന തരത്തിലാണ് 24 മണിക്കൂര്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. ആദ്യ ഘട്ടത്തില്‍ ഒരു ബ്ലോക്കില്‍ ഒരു ക്ലിനിക്കിലായിരിക്കും ഈ സൗകര്യമുണ്ടാകുക. വീട്ടുപടിക്കല്‍ വെറ്റിനറി ക്ലിനിക്കിന്റെ സേവനമെത്തിക്കുന്ന പദ്ധതി വ്യാപിപ്പിക്കും. പക്ഷി, മൃഗങ്ങള്‍ക്കായി ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുന്നത് ആലോചനയിലാണെന്നും മന്ത്രി വ്യക്തമാക്കി.




